മെഡലുകൾ ഗംഗയിൽ ഒഴുക്കുന്നതിൽ നിന്ന് ഗുസ്തി താരങ്ങൾ പിന്മാറി

  • IndiaGlitz, [Wednesday,May 31 2023]

മെഡലുകൾ ഗംഗയിൽ ഒഴുക്കാനുള്ള തീരുമാനത്തിൽ നിന്ന് ഗുസ്തി താരങ്ങൾ പിന്മാറി. കർഷക നേതാവ് നരേഷ് ടികായത് ഇടപെട്ടതിനെ തുടർന്നാണ് താരങ്ങൾ തീരുമാനം പിൻവലിച്ചത്. അ‍ഞ്ച് ദിവസത്തിനു ശേഷം അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ തിരിച്ചു വരുമെന്നും താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാറിൽ നിന്ന് നീതി ലഭിക്കാത്തതിനാൽ, വിയര്‍പ്പൊഴുക്കി നേടിയ മെഡലുകള്‍ക്ക് വിലയില്ലാതായെന്നും അവ ഗംഗയിൽ ഒഴുക്കിക്കളയുകയാണെന്നും പ്രഖ്യാപിച്ചായിരുന്നു ഒളിമ്പിക് താരങ്ങളടക്കമുള്ള പ്രക്ഷോഭകർ ചൊവ്വാഴ്ച വൈകീട്ട് ഹരിദ്വാറിൽ ഗംഗാതീരത്ത് എത്തിയത്. ബന്ധുക്കളും താരങ്ങളെ പിന്തുണക്കുന്ന നൂറുകണക്കിന് ആളുകളും ദേശീയ പതാകയുമേന്തി അവർക്കൊപ്പം ചേർന്നു.

മെഡലുകൾ കെട്ടിപ്പിടിച്ച് ഏറെ നേരം കരഞ്ഞതിന് ശേഷം ഗംഗയിൽ ഒഴുക്കാൻ ഒരുങ്ങവെ ഭാരതീയ കിസാൻ യൂനിയൻ നേതാവ് നരേഷ് ടികായത്തിന്‍റെ നേതൃത്വത്തിൽ കർഷക നേതാക്കൾ എത്തി മെഡലുകൾ ഒഴുക്കുന്നതിൽ നിന്ന് തടയുകയായിരുന്നു. അതേസമയം സൗക്ഷി മാലിക്ക് തൻ്റെ ഷെൽഫിൽ നിന്ന് മെഡലുകൾ ബാഗിലേക്കു മാറ്റുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. ഈ പെൺമക്കൾ തോറ്റാൽ ഈ പ്രകൃതി നമ്മളോട് ഒരിക്കലും പൊറുക്കില്ലെന്ന് അതുൽ തൃപാഠി എന്ന ഐടി വിദഗ്ധൻ ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചു കൊണ്ട് കുറിച്ചു. കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത മെഡലുകൾ ഗംഗയിലെറിയേണ്ട അവസ്ഥയിലേക്ക് താരങ്ങളെ എത്തിക്കരുത് എന്ന പ്രതികരണങ്ങളാണ് ശക്തമാവുന്നത്.