ലോക കപ്പ്: ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിനു തകർത്ത് ന്യൂസിലൻഡ്

ക്രിക്കറ്റ് ലോക കപ്പിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് അനായാസ ജയം. ഇംഗ്ലണ്ടുയര്‍ത്തിയ 282 റണ്‍സ് 9 വിക്കറ്റുകള്‍ ബാക്കി നില്‍കെ 36.2 ഓവറില്‍ ന്യൂസിലന്‍ഡ് മറികടന്നു. 2019 ലോക കപ്പ് ഫൈനലിലേറ്റ തോല്‍വിയ്ക്ക് കിവീസ് ഇംഗ്ലണ്ടിനോട് പകരം വീട്ടി. ഓപ്പണർ വിൽ യങ്ങിനെ (0) നഷ്ടപ്പെട്ട ശേഷം ഡെവൺ കോൺവെയ്ക്കൊപ്പം ചേർന്ന രചിൻ രവീന്ദ്രയാണ് കിവികളുടെ ജയം അനായാസമാക്കിയത്.

കോൺവെ 121 പന്തിൽ 19 ഫോറും 3 സിക്സും സഹിതം 152 റൺസെടുത്ത് പുറത്താകാതെ നിന്നു. കന്നി ലോക കപ്പ് കളിക്കുന്ന ഇന്ത്യൻ വംശജനായ രചിൻ 96 പന്തിൽ 11 ഫോറും 5 സിക്സും സഹിതം 123 റൺസോടെയും നോട്ടൗട്ടായി തുടർന്നു. ക്യാപ്റ്റൻ ജോസ് ബട്ട്‌ലറാണ് രണ്ടാമത്തെ മികച്ച സ്കോറർ 43 റൺസാണ് താരം അടിച്ചത്. ജോണി ബെയർസ്റ്റോ 33, ഹാരി ബ്രൂക്ക് 25, ലിയാം ലിവിംഗ്സ്റ്റൺ 20 വീതം റൺസെടുത്തു. ആദിൽ റഷീദ് പുറത്താകാതെ 15 ഡേവിഡ് മലൻ, സാം കുറാൻ എന്നിവർ 14 റൺസ് വീതവും മാർക്ക് വുഡ് പുറത്താകാതെ 13, മൊയിൻ അലി, ക്രിസ് വോക്സ് എന്നിവർ 11 റൺസ് വീതും നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലാണ്ട് 36.2 ഓവറിൽ ഒരു വിക്കറ്റിന് 283 റൺസ് അടിച്ച് കൂട്ടി അനയാസ വിജയം നേടുകയായിരുന്നു.