ലോകകപ്പ്: നാലു ലക്ഷം ടിക്കറ്റുകള്‍ പുറത്തിറക്കാൻ ബിസിസിഐ

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നാല് ലക്ഷം ടിക്കറ്റുകള്‍ കൂടി പുറത്തിറക്കാൻ ബിസിസിഐ തീരുമാനമായി. നേരത്തെ വില്‍പ്പനയ്ക്കുവെച്ച ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിൻ്റെ ടിക്കറ്റുകള്‍ റെക്കോഡ് വേഗത്തിൽ വിറ്റു പോയിരുന്നു. ആദ്യ ഘട്ടത്തിൽ ഇന്ത്യ ഒഴികെയുള്ള ടീമുകളുടെ സന്നാഹ മത്സരങ്ങളുടെയും ലോകകപ്പ് മത്സരങ്ങളുടെയും ടിക്കറ്റ് വിൽപ്പന ഓഗസ്റ്റ് 28-ന് ആരംഭിച്ചിരുന്നു.

അതേസമയം സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന സെപ്റ്റംബര്‍ 15 ന് ആരംഭിക്കാനാണ് തീരുമാനം. അടുത്തഘട്ട ടിക്കറ്റ് വിൽപ്പന വെള്ളിയാഴ്ച രാത്രി എട്ടിന് തുടങ്ങുമെന്ന് ബോർഡ് ബുധനാഴ്ച അറിയിച്ചു. ഓൺലൈനായാണ് ടിക്കറ്റ് വാങ്ങേണ്ടത്. ഔദ്യോഗിക വെബ്സൈറ്റായ https://tickets.cricketworldcup.com വഴി ടിക്കറ്റുകൾ വാങ്ങാമെന്ന് ബോര്‍ഡ് അറിയിച്ചു.