ലോക കപ്പ്: അജിത് അഗാർക്കർ വെസ്റ്റിൻഡീസിലേക്ക്

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം പരിശീലകനെയും ക്യാപ്റ്റനെയും നേരിൽ കാണാൻ മുഖ്യ സെലക്ടർ അജിത് അഗാർക്കർ വെസ്റ്റ് ഇൻഡീസിലേക്ക് പോകും. ലോകകപ്പ് ടീമിനായി 20 താരങ്ങളെ കണ്ടെത്തേണ്ടതുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷമായിരിക്കും അഗാര്‍ക്കര്‍ രോഹിത്തിനെയും ദ്രാവിഡിനെയും കാണുക. 20ന് തുടങ്ങുന്ന വെസ്റ്റ് ഇന്‍ഡിസിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷം ഇന്ത്യന്‍ ടീം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ കളിക്കുമ്പോള്‍ അഗാര്‍ക്കറും ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാകും.

ഏകദിന പരമ്പരക്ക് ശേഷം അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലും കളിക്കുന്നുണ്ട്. ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി പോയ ശേഷമാണ് അഗാര്‍ക്കറെ ടീമിന്‍റെ ചീഫ് സെലക്ടറായി ബിസിസിഐ തെരഞ്ഞെടുത്തത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലുള്ള മലയാളി താരം സഞ്ജു സാംസണ്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കെല്ലാം ഏകദിന പരമ്പര നിര്‍ണായകമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങാനായാല്‍ ഇവര്‍ക്ക് ലോകകപ്പ് ടീമിലും സ്ഥാനം ഉറപ്പിക്കാനാവും. ഏകദിന പരമ്പരക്ക് പിന്നാലെ നടക്കുന്ന ടി20 പരമ്പരക്കുള്ള ടീമിലും സഞ്ജു ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഏഷ്യന്‍ ഗെയിംസിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ സഞ്ജു ഉള്‍പ്പെട്ടിരുന്നില്ല. ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായാണിതെന്നാണ് സൂചന.