ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്: നോഹ ലൈൽസ് അതിവേഗ താരമായി
- IndiaGlitz, [Monday,August 21 2023] Sports News
നോഹ ലൈൽസ് ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ 100 മീറ്റർ ചാംപ്യൻ. ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 9.83 സെക്കൻഡിൽ കൊടുങ്കാറ്റു വേഗത്തിൽ കുതിച്ചെത്തിയാണ് 26കാരൻ സ്വർണം സ്വന്തമാക്കിയത്. കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ചാണ് താരം സുവർണ നേട്ടം സ്വന്തമാക്കിയത്. തുടര്‍ച്ചയായി ഇത് നാലാം സീസണാണ് വേഗ താരത്തിനുള്ള പുരുഷ സ്വര്‍ണം അമേരിക്ക സ്വന്തമാക്കുന്നത്.
2017ല്‍ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍, 19ല്‍ ക്രിസ്റ്റ്യന്‍ കോള്‍മാന്‍, 22ല്‍ ഫ്രെഡ് കെര്‍ലി, ഇത്തവണ നോഹ ലൈല്‍സ്. നിലവിലെ 200 മീറ്റർ ചാംപ്യൻ കൂടിയായ ലൈൽസ് കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ചാണ് (9.83 സെക്കൻഡ്) വേഗമേറിയ പുരുഷ താരമായത്. 100 മീറ്ററിൽ സ്വർണം സ്വന്തമാക്കിയ താരം 200 മീറ്ററിലെ സ്വർണം നിലനിർത്തുക ലക്ഷ്യമിടുന്നു. ഒപ്പം ഇതിഹാസ താരം ഉസൈൻ ബോൾട്ട് 2015ൽ സ്പ്രിന്റ് ഡബിൾ നേടിയ ശേഷം മറ്റൊരു താരവും ഈ നേട്ടത്തിലെത്തിയിട്ടില്ല. നിലവിലെ ചാമ്പ്യനായിരുന്ന ഫ്രെഡ് കെർലി ഫൈനലിലേക്ക് യോഗ്യത നേടിയില്ല. ഒളിംപിക് ചാമ്പ്യൻ ഇറ്റലിയുടെ മാർസൽ ജേക്കബ്സും സെമിയിൽ പുറത്തായി.