അഫ്ഗാനെതിരെ ഇന്ത്യ കാട്ടിയത് മണ്ടത്തരം; വിമര്‍ശനവുമായി ഗവാസ്കര്‍

ഏകദിന ലോകകപ്പിൽ അഫ്ഗാനെതിരെ ഇന്ത്യ കാട്ടിയത് വലിയ മണ്ടത്തരമാണെന്ന് വിമര്‍ശിച്ച് മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍. ലോകകപ്പില്‍ അഫ്ഗാനിസ്ഥാനുമായുള്ള മത്സരത്തില്‍ പരിചയ സമ്പന്നനായ ഫാസ്റ്റ് ബോളര്‍ മുഹമ്മദ് ഷമിയെ ഇന്ത്യ തഴഞ്ഞതിനെ താരം വിമർശിച്ചു.

ഈ തീരുമാനത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ച ഗവാസ്‌കര്‍ മാനസികമായി എതിരാളികള്‍ക്കു മേല്‍ മുന്‍തൂക്കം നേടാനുള്ള അവസരം കൂടിയാണ് ഇന്ത്യ പാഴാക്കിയതെന്നും അദ്ദേഹം വിലയിരുത്തി. ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ നേരിടുന്ന ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ആര്‍ അശ്വിനെ ഒഴിവാക്കിയതിന് എതിരെയും മുന്‍ നായകന്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. അശ്വിന് പകരം പേസ് ഓള്‍ റൗണ്ടര്‍ ഷാര്‍ദ്ദുല്‍ താക്കൂറിനെയാണ് ഇന്ത്യ പ്ലേയിംഗ് ഇലവനിലെടുത്തത്. ഓസ്ട്രേലിയക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒഴിവാക്കാന്‍ അശ്വിന്‍ എന്ത് തെറ്റാണ് ചെയ്തെന്ന് ഗവാസ്കര്‍ ചോദിച്ചു.