ഇന്ത്യ - വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം ആവേശകരമായ അഞ്ചാം ദിവസത്തിലേക്ക്. ഇന്ത്യയെ തോൽപ്പിക്കാൻ വിൻഡീസിന് വേണ്ടത് 289 റൺസാണ്. 24 റൺസ് നേടി ടാഗ്‌നരെയ്ൻ ചന്ദർപോളും 20 റൺസുമായി ജെർമെയ്ൻ ബ്ലാക്ക്‌വുഡ് എന്നിവരാണ് ക്രീസിൽ. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റിൻഡീസ് നാലാം ദിനം കളിയവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 76 റൺസെന്ന നിലയിലാണ്. നായകൻ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് (28), കിർക് മക്കെൻസി (0) എന്നിവരുടെ വിക്കറ്റുകളാണ് വിൻഡീസിന് നഷ്ടമായത്. രണ്ട് വിക്കറ്റുകളും നേടിയത് ആർ അശ്വിനാണ്.
നേരത്തെ, ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് രണ്ടിന് 181 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. 30 പന്തിൽ നിന്ന് ഒരു സിക്‌സും നാല് ഫോറുമടക്കം യശസ്വി ജയ്‌സ്വാൾ 38 റൺസും രോഹിത് ശർമ 44 പന്തിൽ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 57 റൺസെടുത്തും പുറത്തായി. ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ എന്നിവർ പുറത്താകാതെ നിന്നു. ഇതോടെ വിൻഡീസിൻ്റെ വിജയ ലക്ഷ്യം 365 റൺസായി. ഒന്നാം ഇന്നിങ്‌സിൽ 438 റൺസിനു ഇന്ത്യയെ പുറത്താക്കിയ വെസ്റ്റ് ഇൻഡീസ് ഒന്നാം ഇന്നിങ്‌സിൽ 255 റൺസിന് ഓൾഔട്ട് ആകുകയായിരുന്നു. ഇതോടെ ഇന്ത്യ 183 റൺസിൻ്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലൂടെ വമ്പന്‍ റെക്കോഡും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ടെസ്റ്റില്‍ വേഗത്തില്‍ 100 റണ്‍സ് പൂര്‍ത്തിയാക്കുന്ന ടീം എന്ന ചരിത്ര നേട്ടത്തിലേക്കാണ് ഇന്ത്യ എത്തിയിരിക്കുന്നത്.