വയനാട് വാഹനാപകടം: മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി
- IndiaGlitz, [Saturday,August 26 2023]
വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് തൊഴിലാളികൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ജീപ്പിൽ ഉണ്ടായിരുന്ന മൂന്നുപേരുടെ നില ഗുരുതരം ആണെന്നും റിപ്പോർട്ടുകൾ ഉണ്ട്. പരുക്കേറ്റവരുടെ ചികിത്സയടക്കം മറ്റ് അടിയന്തര കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി എ കെ ശശീന്ദ്രനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വനം മന്ത്രി കോഴിക്കോട്ടു നിന്ന് വയനാട്ടിലേക്ക് തിരിച്ചത്. അപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി. എല്ലാ ആരോഗ്യ പ്രവർത്തകരുടേയും സേവനവും ചികിത്സയും ആവശ്യാനുസരണം ലഭ്യമാക്കുന്നതിനും പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കാൻ ആവശ്യമെങ്കിൽ കൂടുതൽ ഫോറൻസിക് സർജൻമാരുടെ സേവനം ഉറപ്പാക്കാനും ആരോഗ്യമന്ത്രി നിർദേശം നൽകി. വയനാട് തലപ്പുഴ കണ്ണോത്ത് മലയിലാണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ ആയിരുന്നു അപകടം. അപകടത്തിൽ 9 പേർ മരണപ്പെട്ടു. മരിച്ചത് എല്ലാവരും സ്ത്രീകളാണ്. തേയില നുള്ളാൻ പോയി തിരികെ വരികയായിരുന്നു ഇവർ. ആകെ 12 പേരാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. മറ്റുള്ളവർ ചികിത്സയിൽ ആണ്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.