വാഷിംഗ്‌ടണ്‍ സുന്ദറിന് പരിക്ക്; സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചടി

ഐപിഎല്‍ പതിനാറാം സീസണ്‍ പുരോഗമിക്കവേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്‌പിന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്‌ടണ്‍ സുന്ദറിന് പരിക്കേറ്റ് ഐപിഎല്ലിൽ നിന്നും പുറത്തായി. ഹാംസ്‌ട്രിങ് ഇഞ്ചുറിയാണ് സുന്ദറിന് തിരിച്ചടിയായത്. സീസണിലെ അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും നഷ്‌ടമാകും എന്ന് ക്ലബ് അറിയിച്ചു. വേഗം പരിക്ക് ഭേദമാകട്ടെ എന്ന് സണ്‍റൈസ് ഹൈദരാബാദ് ട്വിറ്ററില്‍ കുറിച്ചു. ഈ സീസണില്‍ ഇതുവരെ ഏഴു കളികളാണ് താരം കളിച്ചത്.

സ്പിന്‍ ബൗളറായ വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റുകളാണ് നേടിയത്. ബാറ്റിങ്ങില്‍ ഇതുവരെ 60 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 24 റണ്‍സ് നോട്ടൗട്ട് ആണ് ഉയര്‍ന്ന സ്‌കോര്‍. ഇന്ന് രാവിലെ സൺ റൈസേഴ്സ് ഹൈദരാബാദ് ഫ്രാഞ്ചൈസി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ സുന്ദർ സീസണിൽ നിന്ന് പുറത്തായ വിവരം പുറത്ത് വിട്ടത്‌. നിലവിൽ 7 കളികളിൽ 4 പോയിന്റ് മാത്രമുള്ള ഹൈദരാബാദ് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. 2022 ലെ ഐപിഎൽ താരലേലത്തിൽ 8.75 കോടി രൂപയ്ക്ക് സൺ റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയ താരമാണ് വാഷിംഗ്ടൺ സുന്ദർ. സീസൺ നിർണായ ഘട്ടത്തിലേക്ക് കടക്കുന്ന ഈ സമയം സുന്ദറിന്റെ പുറത്താകൽ ഹൈദരാബാദിന് വലിയ തിരിച്ചടിയാണ്.