വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു, 85 ലക്ഷം രൂപയുടെ നാശനഷ്ടം
- IndiaGlitz, [Monday,November 28 2022]
വിഴിഞ്ഞത്തെ പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും പ്രദേശത്ത് അക്രമം അഴിച്ചുവിടുകയും ചെയ്തവര്‍ക്കെതിരെ പോലീസ് രജിസ്റ്റര്‍ചെയ്ത എഫ്ഐആറിലെ വിവരങ്ങള്‍ പുറത്തു വന്നു. കണ്ടാലറിയാവുന്ന 3000 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ലഹളയുണ്ടാക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അക്രമ സംഭവങ്ങളില്‍ 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
പ്രതികളെ വിട്ടില്ലെങ്കില്‍ പോലീസുകാരെ സ്റ്റേഷനിലിട്ട് കത്തിച്ചുകൊല്ലുമെന്ന് ഭീഷണി മുഴക്കി. സമരക്കാര്‍ പോലീസിനെ ബന്ധിയാക്കി. കരുതിക്കൂട്ടിയുള്ള ആക്രമണമാണിതെന്നും ലക്ഷ്യമിട്ടത് പോലീസുകാരെ കൊല്ലാനാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു. അതേസമയം ആക്രമണകാരികള്‍ വിട്ടയക്കാന്‍ ആവശ്യപ്പെട്ടവരില്‍ നാല് പേരെ ജാമ്യത്തില്‍ വിട്ടയച്ചു. പ്രശ്നം ചര്‍ച്ചചെയ്യാന്‍ ഇന്ന് ഉച്ചയ്ക്ക് കളക്ടറുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരും.
പോലീസ് സ്റ്റേഷന്‍ വളഞ്ഞ ആയിരത്തോളം വരുന്ന തുറമുഖ വിരുദ്ധ സമരക്കാര്‍ വലിയ ആക്രമണമാണ് പോലീസ് സ്റ്റേഷന് നേരെ നടത്തിയത്. പോലീസ് വാഹനങ്ങള്‍ തകര്‍ത്ത ആക്രമണകാരികള്‍ പോലീസുകാരെ ആക്രമിക്കുകയും പോലീസ് സ്റ്റേഷന്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. 6 പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് കസ്റ്റിഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ആയിരത്തോളം പേർ സംഘടിച്ച് ആക്രമണം നടത്തിയത്.