ടി20യില്‍ ഒറ്റ വേദിയില്‍ 3,000 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ താരമെന്ന റെക്കോർഡ് വിരാട് കോഹ്‌ലി സ്വന്തമാക്കി. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കോഹ്‌ലി ടി20യില്‍ ഇതുവരെ അടിച്ചെടുത്തത് 3,015 റണ്‍സ്. 92 ഇന്നിങ്‌സുകള്‍ ആണ് കോഹ്‌ലി ചിന്ന സ്വാമിയില്‍ കളിച്ചു നേടിയത്. കൊൽക്കത്തക്കെതിരെ തോൽവി ടീം അർഹിച്ചതായിരുന്നു എന്നാണ് മത്സര ശേഷം കോഹ്‌ലി പ്രതികരിച്ചത്. സത്യസന്ധമായി പറഞ്ഞാൽ ഞങ്ങൾ മത്സരം അവർക്ക് മുന്നിൽ അടിയറവെക്കുകയായിരുന്നു. തോൽക്കാൻ ഞങ്ങൾ അർഹരായിരുന്നു. ഞങ്ങൾ വേണ്ടത്ര പ്രഫഷനൽ ആയിരുന്നില്ല. ഞങ്ങൾ നന്നായി പന്തെറിഞ്ഞെങ്കിലും ഫീൽഡിങ്ങിൽ നിലവാരം പുലർത്തിയിരുന്നില്ല. ഇത് അവർക്ക് നൽകിയ സൗജന്യമായിരുന്നു എന്നായിരുന്നു കോഹ്‌ലിയുടെ പ്രതികരണം. മത്സരത്തിൽ 21 റൺസിനാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് പരാജയപ്പെട്ടത്. 37 പന്തിൽ 54 റൺസെടുത്താണ് കോഹ്‌ലി പുറത്തായത്.