ഡല്‍ഹി വനിത കമ്മീഷൻ അധ്യക്ഷയ്ക്ക് നേരെ അതിക്രമം
- IndiaGlitz, [Thursday,January 19 2023]
ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാളിനുനേരെ അതിക്രമം. ഡല്‍ഹിയിലെ എയിംസ് ആശുപത്രിക്കു പരിസരത്തു വെച്ചായിരുന്നു അതിക്രമം. ഡ്രൈവര്‍ സ്വാതിയുടെ കൈ വിന്‍ഡോയില്‍ കുരുക്കി കാര്‍ ഓടിച്ചു.15 മീറ്ററോളം ഇങ്ങനെ വലിച്ചിഴച്ചതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നെന്ന് സ്വാതി പോലീസിനോട് പറഞ്ഞു. നാൽപ്പത്തേഴുകാരനായ കാർ ഡ്രൈവർ ഹരീഷ് ചന്ദ്രയെ അറസ്റ്റ് ചെയ്തു. തലസ്ഥാന നഗരിയിൽ സ്ത്രീകൾ രാത്രികാലത്ത് നേരിടുന്ന വെല്ലുവിളികൾ പരിശോധിക്കാനെത്തിയതായിരുന്നു സ്വാതി മലിവാളും സംഘവുമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കർശന നടപടിക്ക് വനിതാ കമ്മിഷൻ അധ്യക്ഷ നിർദ്ദേശം നൽകിയിട്ടുണ്ട്.
പുലർച്ചെ എയിംസ് ആശുപത്രിയുടെ സമീപത്തു നിൽക്കെ കാറിൽ അടുത്തെത്തിയ ഹരീഷ് ചന്ദ്ര, വാഹനത്തിനുള്ളിൽ കയറാൻ തന്നെ നിർബന്ധിച്ചതായാണ് സ്വാതി മലിവാൾ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്. കാറിനുള്ളിൽ കയറാൻ വിസമ്മതിച്ച സ്വാതിയെ കാറിൽ കയറാൻ വീണ്ടും നിർബന്ധിച്ചതോടെ സ്വാതി മലിവാളും ഡ്രൈവറും തമ്മില്‍ തര്‍ക്കമുണ്ടായി. ഹരീഷ് ചന്ദ്രയെ പിടികൂടാനായി സ്വാതി ഡ്രൈവിങ് സീറ്റിനു സമീപത്തേക്കു ചെന്നു. ഉള്ളിലേക്ക് കയ്യിട്ട് ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും, പെട്ടെന്നു തന്നെ വിൻഡോ ഗ്ലാസ് ഉയർത്തി ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇതിനിടെയാണ് സ്വാതിയുടെ കൈ കാറിനുള്ളിൽ കുടുങ്ങിയത്.