വിജയ്-തൃഷ താര ജോടികളുടെ ദളപതി 67: ചിത്രീകരണം ആരംഭിച്ചു

  • IndiaGlitz, [Wednesday,February 01 2023]

വിജയ് ആരാധകര്‍ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം ദളപതി 67 സിനിമയുടെ ചിത്രീകരണം ഫെബ്രുവരി ഒന്നിന് കശ്മീരില്‍ ആരംഭിച്ചു. ചിത്രത്തിൽ വിജയ്‌യുടെ നായികയായി തെന്നിന്ത്യൻ സുന്ദരി തൃഷ എത്തുന്നു. പതിനാലു വർഷങ്ങള്‍ക്കു ശേഷമാണ് തൃഷയും വിജയ്‌യും ഒന്നിക്കുന്നത്. 2008 ൽ പുറത്തിറങ്ങിയ കുരുവിയിലാണ് ഇരുവരും അവസാനം ഒന്നിച്ചത്. ഇതിനു മുമ്പ് ഗില്ലി, തിരുപ്പാച്ചി, ആദി എന്നീ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വിജയ് സേതുപതി ചിത്രം 96 ലൂടെ അഭിനയ രംഗത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ നടിയാണ് തൃഷ. മണിരത്നം ചിത്രം പൊന്നിയിൻ സെല്‍വനിലും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിരുന്നു. പൊന്നിയിൻ സെൽവൻ 2, ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം റാം എന്നിവയാണ് തൃഷയുടെ മറ്റ് പ്രോജക്റ്റുകൾ.

ബോളിവുഡ് താരം സഞ്ജയ് ദത്തും തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി താരം മാത്യു തോമസും ദളപതി 67 ല്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തിൻ്റെ യുവനടൻ മാത്യുവിൻ്റെ തമിഴ് അരങ്ങേറ്റവും കൂടിയാണിത്. വിജയ് ചിത്രത്തിൽ ലോകേഷ് കനകരാജിൻ്റെ സംവിധാനത്തിൽ അഭിനയിക്കുന്നതിനേക്കാൾ മികച്ച അരങ്ങേറ്റം തമിഴിൽ കിട്ടാനില്ല എന്നാണ് മാത്യു തോമസ് പ്രതികരിച്ചിരിക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിൻ്റെ ബാനറില്‍ എസ്.എസ് ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനി സ്വാമിയാണ് സഹനിര്‍മാണം. ചിത്രത്തിൻ്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദ്രന്‍ ആണ് നിർവ്വഹിക്കുന്നത്. ഛായാ​ഗ്രഹണം മനോജ് പരമഹംസ, സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിം​ഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്, ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിക്കുന്നത്.