വന്ദേഭാരത് ഇന്ന് കേരളത്തിലെത്തും
- IndiaGlitz, [Friday,April 14 2023]
കേരളത്തിൽ സർവീസ് നടത്താനുള്ള 16 കോച്ചുകളുള്ള വന്ദേഭാരതിൻ്റെ റേക്ക് ചെന്നൈയിൽ നിന്ന് കേരളത്തിലെത്തി. സംസ്ഥാനത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ദക്ഷിണ റെയിൽവേ കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയിരുന്നു. ഇന്ന് വൈകീട്ടോടെ വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് എത്തുമെന്നാണ് സൂചന. ഏപ്രിൽ 24-ന് കൊച്ചിയിലെ യുവം സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഏപ്രിൽ 25 ന് ട്രെയിൻ്റെ ഫ്ളാഗ് ഓഫ് നിർവഹിക്കും. ഒമ്പത് സ്റ്റോപ്പുകളുള്ള സർവീസാണ് ആലോചിക്കുന്നത്. കോട്ടയം വഴിയുള്ള സർവീസിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ഇതിന് പുറമെ ഷൊർണൂർ, തിരൂർ, ചെങ്ങന്നൂർ, കായംകുളം ഇവയിൽ ഏതെങ്കിലും രണ്ട് സ്റ്റേഷനുകൾ കൂടി ഉൾപ്പെടുത്തിയേക്കാനും സാധ്യതയുണ്ട്. രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 75-ാം വർഷം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ആഗസ്റ്റ് 15-ന് മുമ്പ് 75 വന്ദേഭാരത് എക്സ്പ്രസുകൾ പുറത്തിറക്കുമെന്നാണ് കേന്ദ്രത്തിൻ്റെ പ്രഖ്യാപനം. വന്ദേഭാരത് മലയാളികള്‍ക്കുള്ള പ്രധാനമന്ത്രിയുടെ വിഷു ക്കൈനീട്ടമാണെന്ന് ബിജെപി നേതാവും റെയില്‍വേ പിഎസ്‍സി ചെയര്‍മാനുമായ പി.കെ കൃഷ്ണദാസ് പ്രതികരിച്ചു.