വൈഷ്ണവം സാഹിത്യ പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റ് സി.രാധാകൃഷ്ണന്

  • IndiaGlitz, [Saturday,March 04 2023]

പ്രശസ്ത കവി പ്രൊഫ. വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം വൈഷ്ണവം ട്രസ്റ്റ് ഏര്‍പ്പെടുത്തുന്ന രണ്ടാമത്തെ വൈഷ്ണവം സാഹിത്യ പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റ് സി രാധാകൃഷ്ണന്. കവിയുടെ ജന്മദിനമായ ജൂണ്‍ 2ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും. ഒരുലക്ഷത്തി പതിനോരായിരത്തി ഒരുനൂറ്റിപ്പതിനൊന്ന് രൂപയും, ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍, പ്രൊഫ. ടിപി ശങ്കരന്‍കുട്ടി നായര്‍, ട്രസ്റ്റ് പ്രസിഡന്റ് പ്രഭാ വര്‍മ്മ എന്നിവരടങ്ങിയ ജൂറിയാണ് സി. രാധാകൃഷ്ണനെ തിരഞ്ഞെടുത്തത്. നിഴൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, തീക്കടൽ കടഞ്ഞ് തിരുമധുരം, വേർപാടുകളുടെ വിരൽപ്പാടുകൾ എന്നിവ അദ്ദേഹത്തിൻ്റെ പ്രസിദ്ധങ്ങളായ നോവലുകളാണ്. മൂർത്തീദേവി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, വയലാർ പുരസ്കാരം എന്നിങ്ങനെ നിരവധി അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്.