കേരള സര്‍ക്കാരിനെ വിമർശിച്ച് കേന്ദ്ര റെയിൽവേ മന്ത്രി
- IndiaGlitz, [Monday,August 07 2023]
റെയിൽവേ വികസനത്തിൽ കേരള സർക്കാരിന് താൽപര്യമില്ലെന്ന് അശ്വിനി വൈഷ്ണവ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനു കൂടിക്കാഴ്ചയ്ക്കു സമയം അനുവദിക്കാതിരുന്ന റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്നലെ വാർത്താ സമ്മേളനത്തിൽ വച്ച് കേരളത്തിനെതിരെ ആഞ്ഞടിച്ചു. സർവേ, വിശദ പദ്ധതി രേഖ (ഡിപിആർ) തുടങ്ങി ചെറിയ കാര്യങ്ങളിൽ വരെ വലിയ ബുദ്ധിമുട്ടുകൾ ആണ് നേരിടുന്നതെന്നും ശബരി റെയിൽ ഉൾപ്പെടെയുള്ള പദ്ധതികളുടെ നിശ്ചലാവസ്ഥയെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
കേരള സർക്കാർ എന്തു കാര്യം വന്നാലും അത് രാഷ്ട്രീയ കണ്ണിലൂടെ മാത്രമാണ് കാണുന്നത്. വന്ദേ ഭാരത് കേരളത്തിനു കിട്ടില്ല എന്നവിധം തരംതാണ രാഷ്ട്രീയ പ്രചാരണം നടത്തി. ഒരു സർവേ നടത്താൻ പോലും സർക്കാർ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നു എന്നെല്ലാം അദ്ദേഹം വിമർശനം ഉന്നയിച്ചു. അതേസമയം കേരളത്തിലെ റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വെ മന്ത്രി നടത്തിയ പ്രതികരണം തികച്ചും വസ്തുതാ വിരുദ്ധവും അവഗണന മറച്ചു വെക്കാനുള്ള തന്ത്രവുമാണെന്ന് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍ പ്രതികരിച്ചു. റെയില്‍വെ വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണുളളത് എന്ന് മന്ത്രി കുറ്റപ്പെടുത്തുകയുണ്ടായി.