ഗ്ലെൻ മാക്സ്‍വെലിൻ്റെ മികവിൽ ഓസ്‌ട്രേലിയക്ക് അവിസ്മരണീയ ജയം
- IndiaGlitz, [Wednesday,November 08 2023] Sports News
അഫ്ഗാനിസ്ഥാന് എതിരായ ലോകകപ്പ് പോരാട്ടത്തിൽ ഗ്ലെൻ മാക്സ്‍വെലിൻ്റെ മികവിൽ ഓസ്ട്രേലിയ അവിസ്മരണീയ ജയം സ്വന്തമാക്കി. 68 പന്തിൽ 12 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ പാറ്റ് കമിൻസ് എല്ലാ പിന്തുണയും നൽകി. സ്കോർ: അഫ്ഗാനിസ്ഥാൻ 50 ഓവറിൽ അഞ്ചിന് 291, ഓസ്ട്രേലിയ 46.5 ഓവറിൽ ഏഴിന് 293. മാക്‌സ്‌വെല്‍ കളിയിലെ താരമായി. 12 പോയിന്റായ ഓസ്ട്രേലിയ ഈ ലോകകപ്പ് സെമിയിൽ എത്തുന്ന മൂന്നാമത്തെ ടീമായി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാന്‍ ഇബ്രാഹിം സദ്രാൻ്റെ (143 പന്തില്‍ 129) സെഞ്ച്വറി കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 46.5 പന്തില്‍ ലക്ഷ്യം മറികടന്നു. മത്സരത്തില്‍ താരം 128 പന്തുകളില്‍ നിന്ന് 21 ഫോറിൻ്റെയും 10 സിക്‌സിൻ്റെയും സഹായത്തോടെ പുറത്താവാതെ 201 റണ്‍സാണ് താരം നേടിയത്. വ്യക്തിഗത സ്‌കോര്‍ 150-ല്‍ എത്തിയപ്പോഴേക്കും വലത്തേ കാലില്‍ പേശിവലിവ് അനുഭവപ്പെട്ടിട്ടും താരം ഒറ്റയ്ക്ക് നിന്ന് പൊരുതി. ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡ് മാക്‌സ്‌വെല്‍ സ്വന്തമാക്കി. ഏകദിനത്തില്‍ ചേസിങ്ങില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരം എന്ന റെക്കോഡും മാക്‌സ്‌വെല്‍ സ്വന്തമാക്കി. ഏകദിനത്തില്‍ ആദ്യമായി ഇരട്ട സെഞ്ച്വറി നേടുന്ന ഓപ്പണറല്ലാത്ത താരം എന്ന റെക്കോഡും താരം സ്വന്തം പേരില്‍ കുറിച്ചു.