10 കോടി പ്രഖ്യാപിച്ച സന്യാസിയെ പരിഹസിച്ച് ഉദയനിധി

  • IndiaGlitz, [Tuesday,September 05 2023]

സനാതന ധര്‍മ്മത്തെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന് പിന്നാലെ തൻ്റെ തലയറുക്കാന്‍ 10 കോടി പ്രഖ്യാപിച്ച സന്യാസിക്കെതിരെ ഉദയനിധി സ്റ്റാലിൻ പരിഹസിച്ചു. സന്യാസിയുടെ കൈയിൽ 10 കോടി എങ്ങനെ വരുമെന്നാണ് മറുപടിയായി ഉദയനിധിയുടെ മറുചോദ്യം. സന്യാസി ഒറിജിനലോ ഡ്യൂപ്ലിക്കേറ്റോ എന്നും ഉദയനിധി പരിഹസിച്ചു. തൻ്റെ തലയ്ക്കു 10 കോടി ഒന്നും വേണ്ട. 10 രൂപയുടെ ചീപ്പു കൊണ്ട് തല ചീകാമെന്നുമായിരുന്നു ഉദയനിധിയുടെ പരിഹാസം.

കരുണാനിധിയുടെ കൊച്ചുമകനെ വിരട്ടാൻ നോക്കരുതെന്നും സനാതന ധർമത്തിലെ അസമത്വത്തെ ഇനിയും വിമർശിക്കുമെന്നും ഉദയനിധി നിലപാട് വ്യക്തമാക്കി. സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള തൻ്റെ പ്രസ്താവനയില്‍ ഉറച്ചുനിന്ന ഡിഎംകെ മന്ത്രി താന്‍ ഹിന്ദു സമൂഹത്തെ ലക്ഷ്യം വച്ചിട്ടില്ലെന്ന് ഊന്നി പറഞ്ഞു. സനാതന ധര്‍മ്മം എന്നാല്‍ അത് ശാശ്വതമാണെന്നും മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
അയോധ്യയില്‍ നിന്നുള്ള ഹിന്ദു ദര്‍ശകനായ പരംഹംസ് ആചാര്യയാണ് ഉദയനിധിയുടെ തലയ്ക്ക് വില പറഞ്ഞത്. ഒരു കൈയില്‍ ഉദയനിധിയുടെ പോസ്റ്ററും മറുകയ്യില്‍ വാളും പിടിച്ച് പ്രതീകാത്മകമായി കഴുത്തറുത്ത് കൊലപ്പെടുത്തുന്ന വീഡിയോ ഇയാള്‍ പുറത്തു വിട്ടിരുന്നു.