മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫിൻ്റെ സെക്രട്ടറിയേറ്റ് ഉപരോധം
- IndiaGlitz, [Wednesday,October 18 2023]
മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് വളപ്പിൽ സമരം തുടങ്ങി. സ്വര്‍ണ്ണക്കള്ളക്കടത്ത്, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, ബന്ധുനിയമനം, കിഫ്ബി തുടങ്ങി സംസ്ഥാന സര്‍ക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് യു ഡി എഫിൻ്റെ സെക്രട്ടറിയേറ്റ് ഉപരോധം.
അതേസമയം ജീവനക്കാരെ തടയില്ലെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മുഖ്യമന്ത്രി രാജിവയക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. രാവിലെ 6.30 നാണ് ഉപരോധം ആരംഭിച്ചത്. 9.30 ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. ഉപരോധ സമരത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഘടക കക്ഷി നേതാക്കള്‍, എം എല്‍ എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. സെക്രട്ടറിയേറ്റിന്‍റെ നാല് ഗേറ്റുകളില്‍ മൂന്നെണ്ണം പൂര്‍ണമായും ഉപരോധിക്കുമെന്നാണ് യു.ഡി.എഫ് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയം, സാമ്പത്തിക പ്രതിസന്ധി, അഴിമതി തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് സമരം. രാവിലെ ആറുമുതല്‍ തന്നെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് കവാടങ്ങളിൽ നിലയുറപ്പിച്ചിരുന്നു. സമരത്തിന്‍റെ പശ്ചാത്തലത്തില്‍ രാവിലെ മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.