അയര്‍ലന്‍ഡിനെതിരായ ടി20 മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 7.30 മുതലാണ് മത്സരം. അയര്‍ലന്‍ഡിനെതിരെ മൂന്ന് ടി20 മത്സരമാണ് ഇന്ത്യ കളിക്കുക. ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ്മയ്ക്ക് അവസരം നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകൾ ഉണ്ട്. വിൻഡീസിനെതിരായ ടി20 പരമ്പരയിൽ മികവ് പുലർത്താൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. മാത്രമല്ല 19 ടി20 ഇന്നിങ്സിൽ വെറും ഒരു ഫിഫ്റ്റി മാത്രമാണ് സഞ്ജു നേടിയിട്ടുള്ളത്.
സഞ്ജുവിനെ പിന്തള്ളി ജിതേഷ് ശർമ്മ ടീമിലെത്തുമോയെന്ന ആശങ്ക സഞ്ജു ആരാധകർക്കുണ്ട്. ഐ പി എല്ലിൽ അടക്കം ഗംഭീര പ്രകടനമാണ് ജിതേഷ് കാഴ്ച്ച വെച്ചിരുന്നത്. ഫിനിഷർ എന്ന നിലയിലെ പരിചയവും ജിതേഷ് ശർമ്മയ്ക്ക് മുൻതൂക്കം നൽകുന്നുണ്ട്. യുവതാരം റിങ്കു സിങ് ഇന്ന് അരങ്ങേറ്റം കുറിക്കും. പരിക്ക് മാറി വീണ്ടും കളിക്കളത്തിലിറങ്ങുന്ന ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്. 2022ലെ ടി20 ലോക കപ്പിന് മുമ്പ് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലാണ് ബുമ്ര അവസാനമായി ഇന്ത്യക്കായി കളിച്ചത്. റിതുരാജ് ഗെയ്ക്വാദ് ആണ് വൈസ് ക്യാപ്റ്റൻ.