തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് : കെ ബാബുവിന് തിരിച്ചടി

  • IndiaGlitz, [Tuesday,September 12 2023]

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതിയിൽ തുടരാമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. തെരഞ്ഞെടുപ്പ് കേസ് തുടരാൻ അനുവദിച്ച ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ ബാബു നൽകിയ ഹർജി കോടതി തള്ളി. കേസ് തുടരാൻ സുപ്രീം കോടതി അനുമതി നൽകി. മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് പിടിച്ചെന്നാരോപിച്ച് കെ ബാബുവിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി ആയിരുന്ന എം സ്വരാജാണ് ഹര്‍ജി നല്‍കിയത്.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കേസ് പരിഗണിച്ച കേരള ഹൈക്കോടതി ഹര്‍ജി നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് കെ ബാബു സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ബാബുവിൻ്റെ ഹർജി കോടതി തള്ളുകയായിരുന്നു. കെ ബാബു അയ്യപ്പൻ്റെ പേരിൽ വോട്ട് പിടിച്ചുവെന്ന് ആരോപിച്ചാണ് എതിർ സ്ഥാനാർഥിയായിരുന്ന എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പിൽ 992 വോട്ടുകൾക്കാണ് കെ ബാബു വിജയിച്ചത്. അയ്യപ്പൻ്റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്‌സ് സ്ലിപ് വിതരണം ചെയ്‌തെന്ന ആരോപണങ്ങളടക്കം എം സ്വരാജ് ഉയർത്തിയിരുന്നു.