ചിരിയരങ്ങൊഴിഞ്ഞ് കൊച്ചുപ്രേമൻ
- IndiaGlitz, [Sunday,December 04 2022]
നാടകത്തിലൂടെ സിനിമയിലെത്തുകയും ഹാസ്യത്തിൽ തൻ്റേതായ ശൈലി രൂപപ്പെടുത്തിയെടുക്കുകയും ചെയ്ത നടൻ കൊച്ചുപ്രേമൻ്റെ വേർപാട് സിനിമപ്രേമികൾക്ക് നൊമ്പരമായി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപിച്ചതായിരുന്നു. 68 വയസ്സായിരുന്നു അദ്ദേഹത്തിൻ്റെ പ്രായം. തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് ആണ് കൊച്ചുപ്രേമൻ്റെ ജന്മസ്ഥലം. ശിവരാമ ശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955 ജൂൺ ഒന്നിനാണ് കൊച്ചുപ്രേമൻ്റെ ജനനം. കൊച്ചുപ്രേമൻ്റെ അച്ഛൻ ശിവരാമശാസ്ത്രികൾ സ്കൂൾ അധ്യാപകനായിരുന്നു. അമ്മ ടി.എസ്.കമലമ്മ സംഗീതജ്ഞ. കെഎസ് പ്രേം കുമാര്‍ എന്നാണ് കൊച്ചുപ്രേമൻ്റെ യഥാര്‍ത്ഥ പേര്. ഒരേ പേരുള്ള സുഹൃത്ത് നാടക സമിതിയിലുണ്ടായിരുന്നതിനാലാണ് കൊച്ചുപ്രേമൻ എന്ന പേരു സ്വീകരിച്ചത്.
പേയാട് സർക്കാർ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് എംജി കോളജിൽനിന്ന് ബിരുദം നേടി. ചെറുപ്പം മുതൽ നാടക രംഗത്ത് സജീവമായിരുന്നു. എട്ടാം എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ആദ്യമായൊരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. ജഗതി എൻ.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകം മുതലായിരുന്നു നാടകത്തിന് കൂടുതൽ പ്രാധാന്യം നൽകിതുടങ്ങിയത്. തുടർന്ന് ആകാശവാണിയിലെ ഇതളുകൾ എന്ന പരിപാടിയിലൂടെ നാടകങ്ങൾ സംപ്രേക്ഷണം ചെയ്‌തു തുടങ്ങി. സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം നാടക സമിതികൾക്ക് വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്.
1979-ൽ റിലീസായ ഏഴു നിറങ്ങൾ എന്ന സിനിമയാണ് കൊച്ചുപ്രേമൻ്റെ ആദ്യ സിനിമ. തുടർന്ന് സിനിമയിൽ പിന്നീട് 1997-ൽ രാജസേനൻ്റെ ദില്ലിവാല രാജകുമാരനിൽ അഭിനയിച്ച കൊച്ചുപ്രേമൻ രാജസേനനൊപ്പം എട്ടു സിനിമകൾ ചെയ്തു. മലയാള സിനിമയിലിതു വരെ 250 ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ഇരട്ടക്കുട്ടികളുടെ അച്ഛൻ, ഗുരു, കഥാനായകൻ, ദി കാർ, ഞങ്ങൾ സന്തുഷ്ടരാണ്, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, മാട്ടുപെട്ടി മച്ചാൻ, പട്ടാഭിഷേകം, കല്യാണരാമൻ, തിളക്കം, ചതിക്കാത്ത ചന്തു, ഉടയോൻ, ഛോട്ടാ മുംബൈ, സ്വലേ, 2 ഹരിഹർ നഗർ, ശിക്കാർ, മായാമോഹിനി, ആക്‌ഷൻ ഹീറോ ബിജു, ലീല, വരത്തൻ തുടങ്ങിയവ അദ്ദേഹം അഭിനയിച്ച സിനിമകളിൽ ചിലതാണ്. സിനിമ സീരിയൽ മേഖലയിൽ മലയാളികള്‍ക്ക് സുപരിചിതയായ ഗിരിജയാണ് ഭാര്യ. ഏക മകൻ ഹരികൃഷ്ണൻ.
കൊച്ചുപ്രേമൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അനുശോചനം രേഖപ്പെടുത്തി. സിനിമ സീരിയൽ നാടക മേഖലയിൽ പ്രവർത്തിക്കുന്ന അനവധി പേർ അനുശോചനം രേഖപ്പെടുത്തി.