ഇന്ധന സെസ് കെഎസ്ആർടിസിയുടെ ചെലവ് കൂട്ടുമെന്ന് ഗതാഗതമന്ത്രി

  • IndiaGlitz, [Wednesday,February 08 2023]

ബജറ്റിൽ പ്രഖ്യാപിച്ച അധിക ഇന്ധന സെസ് കെ.എസ്.ആർ.ടി.സിയുടെ ചെലവ് കൂട്ടുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഇന്ധന സെസ് പിൻവലിച്ചില്ലെങ്കിൽ മാസം രണ്ട് കോടി രൂപയുടെ അധികഭാരമാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുക. ബജറ്റ് ഗ്രാന്റ് ഇനത്തിൽ 100 കോടി രൂപ സർക്കാർ വെട്ടിക്കുറക്കുകയും ചെയ്തു. വിഷയങ്ങൾ ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. അതേസമയം ഇന്ധന സെസില്‍ മാറ്റം വരുമെങ്കില്‍ ധനമന്ത്രി ഇന്ന് നിയമസഭയില്‍ പ്രഖ്യാപിക്കുമെന്നും എന്നാൽ സെസ് സംസ്ഥാനത്തിന് അനിവാര്യമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബജറ്റ് പാസാക്കുന്നതിന് മുന്‍പുള്ള പ്രസംഗത്തിലാണ് ധനമന്ത്രി ബജറ്റിലെ ഒഴിവാക്കലുകളും കൂട്ടിച്ചേർക്കലുകളും നടത്തുക. രണ്ടു രൂപ ചുമത്തിയ ഇന്ധന സെസ് ഒരു രൂപയെങ്കിലും കുറയ്ക്കണമെന്ന അഭിപ്രായം മുന്നണിയിലും സിപിഎമ്മിലും ചിലര്‍ക്കുണ്ട്. എന്നാല്‍ ഇന്ധന സെസില്‍ മാറ്റം വരില്ലെന്ന സൂചനയാണ് എല്‍.ഡി.എഫ് നേതാക്കള്‍ നൽകുന്നത്.