പുരുഷപ്രേതത്തിൻ്റെ ട്രെയ്‌ലർ പുറത്ത്; മാർച്ച് 24 മുതൽ സോണി ലിവിൽ

  • IndiaGlitz, [Friday,March 17 2023]

'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനും' 'ആവാസ വ്യൂഹ'വും അണിയിച്ചൊരുക്കിയ ടീമിൻ്റെ പുതിയ ചിത്രമായ 'പുരുഷപ്രേത'ത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. മാർച്ച് 24 മുതൽ ചിത്രം ഒറ്റിറ്റി പ്ലാറ്റ്ഫോമായ സോണി ലിവിൽ സ്ട്രീം ചെയ്യും. ഹാസ്യസിനിമകളിലൂടെ ജനപ്രിയനായ പ്രശാന്ത് അലക്‌സാണ്ടറും ദർശന രാജേന്ദ്രനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജഗദീഷ്, ദേവകി രാജേന്ദ്രൻ, മാല പാർവതി എന്നിവരും സിനിമയിലുണ്ട്. മനു തൊടുപുഴയുടെ കഥയാണ് 'പുരുഷ പ്രേതം' എന്ന സിനിമയാകുന്നത്. സെബാസ്റ്റ്യൻ എന്ന ധീരനും നിരവധി ആരാധകരുമുള്ള സബ് ഇൻസ്‌പെക്ടർ ആണ് കേന്ദ്ര കഥാപാത്രം. സെബാസ്റ്റ്യന്റെ വ്യക്തി ജീവിതത്തിൽ ഒരുപാട് നിഗൂഢതകളും രഹസ്യങ്ങളും ഉണ്ടെങ്കിലും അദ്ദേഹത്തെ പോലീസ് ഡിപ്പാർട്മെന്റിൽ എല്ലാവർക്കും വിശ്വാസമാണ്. ഒരു അജ്ഞാത മൃതദേഹം കാണാതാകുന്നതോട് കൂടിയാണ് സെബാസ്റ്റ്യൻ്റെ ജീവിതത്തിൽ പ്രതിസന്ധികൾ തുടങ്ങുന്നത്. പിന്നീട് സെബാസ്റ്റ്യൻ്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും തിരിച്ചറിയലുകളുമാണ് സിനിമയുടെ പ്രമേയം.

അജിത് ഹരിദാസ് ഒരുക്കിയ തിരക്കഥ സംവിധാനം ചെയ്യുന്നത് കൃഷാന്ദ് ആണ്. മാൻകൈൻഡ് സിനിമാസ് വേണ്ടി ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ഐൻസ്റ്റീൻ സാക്ക് പോൾ, സിമട്രി സിനിമക്ക് വേണ്ടി വിഷ്ണു രാജൻ, സജിൻ രാജ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നടൻ പ്രശാന്ത് അലക്‌സാണ്ടറും ചിത്രത്തിന്റെ നിർമാണ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്. ജെയിംസ് ഏലിയ, സഞ്ജു ശിവറാം, ഗീതി സംഗീത, ഷൈനി സാറ, ജോളി ചിറയത്ത്, മനോജ് കാന, സുർജിത് ഗോപിനാഥ്, പ്രമോദ് വെളിയനാട്, ബാലാജി ശർമ്മ, സുധ സുമിത്രൻ, നിഖിൽ പ്രഭാകർ, ശ്രീനാഥ് ബാബു, അർച്ചന സുരേഷ്, ശ്രീജിത്ത് ബാബു, പൂജ മോഹൻരാജ്, ഷിൻസ് ഷാൻ, രാഹുൽ രാജഗോപാൽ, ഗോപൻ മങ്ങാട്ട് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.