ഗതാഗത നിയമലംഘനം; രോഹിത് ശർമയ്ക്ക് പിഴ

മുംബൈ- പുണെ എക്സ്പ്രസ് വേയിൽ അമിത വേഗത്തിൽ കാറോടിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പിഴശിക്ഷ. ഒന്നിലേറെ തവണ വേഗ പരിധി ലംഘിച്ച രോഹിത്തിന് പുണെ ട്രാഫിക് പോലീസാണ് പിഴയിട്ടത്.

ലോകകപ്പിൽ ഇന്ത്യ- ബംഗ്ലാദേശ് മത്സരത്തിനു മുമ്പാണ് സംഭവം. മൂന്നു തവണയാണ് രോഹിതിൻ്റെ വാഹനം അമിത വേഗത കൈവരിച്ചത്. ഒരു തവണ രോഹിതിൻ്റെ ലംബോര്‍ഗിനി 215 കിലോമീറ്റര്‍ സ്പീഡ് കടന്നതായും ട്രാഫിക് ഉദ്യോഗസ്ഥര്‍ പറയുന്നു. ലോകകപ്പില്‍ ബംഗ്ലാദേശിന് എതിരായ മത്സരത്തില്‍ ടീമിനൊപ്പം ചേരാന്‍ പൂനെയിലേക്കുള്ള യാത്രയ്ക്കിടെയും രോഹിതിന് പിഴ ലഭിച്ചു. ലോകകപ്പ് നടക്കുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇത്രയും വേഗത്തില്‍ വണ്ടിയോടിക്കുന്നത് ശരിയായ കാര്യമല്ലെന്നും ടീം ബസില്‍ പോലീസ് അകമ്പടിയോടെ രോഹിത്തിന് യാത്ര ചെയ്യാവുന്നതേയുള്ളൂ എന്നും മഹാരാഷ്ട്ര ഗതാതത വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രോഹിത് തന്നെയാണോ കാറോടിച്ചത് എന്ന് വ്യക്തമല്ലെങ്കിലും രോഹിത്തിന്‍റെ ഉടമസ്ഥതയിലുള്ള കാറാണ് ഈ വേഗത്തില്‍ മുംബൈയില്‍ നിന്ന് പൂനെയിലേക്ക് പാഞ്ഞത്.