വിഷയം ആറ്റം ബോംബിനേക്കാള്‍ അപകടകരം: അഖിൽ മാരാർ
- IndiaGlitz, [Friday,August 04 2023]
കേരളത്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന മിത്ത് വിവാദത്തിൽ ബിഗ് ബോസ് ജേതാവ് അഖില്‍ മാരാര്‍ പ്രതികരിച്ചു. വിഷയം ആറ്റം ബോംബിനേക്കാള്‍ അപകടകരമാണ്. ഒരു നാടിനെ നശിപ്പിക്കാന്‍ ഇത്രത്തോളം അപകടം പിടിച്ച മറ്റ് വിഷയങ്ങള്‍ ഇല്ല. എല്ലാവരുടെയും വിശ്വാസം വലുതാണ്. അവ സംരക്ഷിക്കപ്പെടേണ്ടത് ആണ്. അവയെ ഹനിക്കുന്ന രീതിയില്‍ ഉത്തരവാദപ്പെട്ട ആളുകളുടെ ഭാഗത്തു നിന്ന് പ്രസ്താവനകള്‍ ഉണ്ടാവാന്‍ പാടില്ല. ഒരു കാലത്ത് മതങ്ങളെ കച്ചവടവല്‍ക്കരിച്ചെങ്കില്‍ ഇന്ന് രാഷ്ട്രീയ വല്ക്കരിക്കുകയാണ്. വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ കൂടുതല്‍ അപകടത്തിലേക്ക് പോകാതെ നോക്കുകയാണ് വേണ്ടത്. ഇപ്പോള്‍ നമ്മുടെ സ്പീക്കറുടെ കൈയില്‍ രണ്ട് ഫ്യൂസുകള്‍ ഉണ്ട്.
സ്വന്തം പ്രസ്താവന കൊണ്ട് കേരളത്തിലെ കുറേ ജനങ്ങള്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായെന്ന് അങ്ങ് മനസിലാക്കുന്നുണ്ടെങ്കില്‍ ദയവ് ചെയ്ത് ഈ ആറ്റം ബോംബ് അങ്ങ് ഡിഫ്യൂസ് ചെയ്യണം. ആ ഫ്യൂസ് അങ്ങയുടെ കയ്യിലാണ്. അതിനെ ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാനായി പലരും ശ്രമിക്കും. ദയവ് ചെയ്ത് അതിനു വേണ്ടി നമ്മുടെ നാടിനെ വിട്ടുകൊടുക്കരുത്. മുന്‍പ് ശബരിമലയുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രക്ഷോഭം പോലെ വിശ്വാസത്തെ തെരുവില്‍ വലിച്ചിഴയ്ക്കാന്‍ ദയവ് ചെയ്ത് രാഷ്ട്രീയ നേതാക്കള്‍ കൂട്ടുനില്‍ക്കരുത്. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ കൈവിട്ട് പോകാതിരിക്കാൻ സ്പീക്കർ തന്നെ വിചാരിക്കണം. സ്പീക്കറുടെ ഒരു ഖേദ പ്രകടനം കൊണ്ട് ഈ പ്രശ്നം പരിഹരിക്കണം. കേരളത്തിലെ ഒരുപാട് വിശ്വാസികൾക്ക് മാനസിക വിഷമം ഉണ്ടാക്കിയ പ്രസ്താവന സ്പീക്കർ തന്നെ തിരുത്തണം- എന്ന് അഖിൽ മാരാർ പറഞ്ഞു.