ഇന്ന് അനശ്വര നടൻ ജയന്‍റെ ജന്മദിനം
- IndiaGlitz, [Tuesday,July 25 2023]
മലയാളത്തിലെ ആദ്യത്തെ ആക്ഷൻ ഹീറോ ജയന് ഇന്ന് എൺപത്തിനാലാം പിറന്നാൾ. കൊല്ലം ജില്ലയിലെ തേവള്ളിയില്‍ മാധവന്‍ പിള്ളയുടേയും ഭാരതിയമ്മയുടേയും മകനായി 1939 ജൂലൈ 25നാണ് ജനനം. നാവിക സേനയിലെ ഉന്നത ഉദ്യോഗത്തില്‍ നിന്നും മലയാള സിനിമയിലെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന താരമായി ജയന്‍ എന്ന കൃഷ്ണന്‍ നായര്‍ മാറി. എഴുപതുകളിലെ യുവത്വത്തിൻ്റെ പ്രതീകമായിരുന്നു ജയന്‍ എന്ന അതുല്യ പ്രതിഭ.
1974-ല്‍ ശാപ മോക്ഷം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് വന്നു. ചെറിയ വില്ലന്‍ വേഷങ്ങളില്‍ നിന്നു പ്രധാന വില്ലന്‍ വേഷങ്ങളിലേക്കും ഉപനായക വേഷങ്ങളിലേക്കും അവിടെ നിന്ന് നായക വേഷങ്ങളിലേക്കും ഉള്ള ജയൻ്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. 1970-കളുടെ അന്ത്യപാദങ്ങളിൽ മലയാള സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നടനായി പ്രശസ്തി നേടിയ അദ്ദേഹത്തെ മലയാള സിനിമയിലെ ആദ്യ ആക്ഷൻ നായകനെന്ന വിശേഷണം തേടിവന്നു. കേരളത്തിലെ യുവാക്കൾക്കിടയിൽ വേഷവിധാനത്തിലും ശൈലിയിലും മറക്കാനാവത്ത ഒരു തരംഗം സൃഷ്ടിച്ച അഭിനേതാവായിരുന്നു ജയൻ. കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ 1980 നവംബര്‍ 16ന് 41-ആം വയസിൽ ഹെലികോപ്റ്റര്‍ അപകടത്തില്‍ അദ്ദേഹം മരണപ്പെട്ടു.
ഒരു ഹെലികോപ്ടർ ഉൾപ്പെടുന്ന രംഗത്തെ അത്യന്തം അപകടം പിടിച്ച ഒരു ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുന്ന സമയത്താണ് അതു സംഭവിച്ചത്. പറന്നു പൊങ്ങിയ ഹെലിക്കോപ്റ്റിൻ്റെ ലാന്റിംഗ് പാഡിൽ തൂങ്ങി ഫൈറ്റ് സീൻ ചിത്രീകരിക്കുന്ന വേളയിൽ ഹെലിക്കോപ്റ്ററിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. സംവിധായകൻ ഈ രംഗത്തിൻ്റെ ആദ്യ ഷൂട്ടിൽ സംതൃപ്തനായിരുന്നു എന്നു പറയപ്പെടുന്നു. ഈ രംഗത്തിൻ്റെ മൂന്നു ഷോട്ടുകൾ നേരത്തെ എടുത്തിരുന്നു. എന്നാൽ തൻ്റെ പ്രകടനത്തിൽ അസംതൃപ്തനായിരുന്ന ജയനായിരുന്നു മറ്റൊരു ഷോട്ട് എടുക്കാൻ സംവിധായകനെ നിർബന്ധിച്ചത് എന്ന് കോളിളക്കത്തിൻ്റെ നിർമാതാവ് പറയുന്നു.