വിപ്ലവസൂര്യൻ വി.എസിന് ഇന്ന് ജന്മശതാബ്ദി

  • IndiaGlitz, [Friday,October 20 2023]

പുന്നപ്ര വയലാർ സമര നായകനും കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയുമായി വിഎസ് അച്യുതാനന്ദന് ഇന്ന് 100-ാം പിറന്നാൾ. ആരോഗ്യ സാഹചര്യങ്ങളാൽ പൊതുരം​ഗത്ത് നിന്ന് വിട്ടുനിന്ന് വിശ്രമ ജീവിതം നയിക്കുകയാണ് വിഎസ്. 2019 ലെ പുന്നപ്ര- വയലാർ രക്തസാക്ഷിത്വ ദിനാചരണമായിരുന്നു വിഎസ് പങ്കെടുത്ത അവസാന പൊതുചടങ്ങ്.

1938 ൽ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായിട്ടാണ് വി എസ് പൊതു പ്രവർത്തന രംഗത്തേക്ക് പ്രവേശിക്കുന്നത്. 1940 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പറായി. പതിവുപോലെ വലിയ ആഘോഷങ്ങൾ ഇല്ലെങ്കിലും പ്രിയ നേതാവ് നൂറു വയസ്സ് പിന്നിടുന്നതിന്റെ ആഹ്ലാദത്തിലാണ് അണികൾ. ജന്മനാടായ പുന്നപ്രയിലും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലും പായസവിതരണം ഉൾപ്പെടെയുള്ള പരിപാടികൾ നടക്കും. നൂറാം ജന്മദിനത്തോട് അനുബന്ധിച്ച് വിഎസിൻ്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക പുസ്തകം സിപിഎം പുറത്തിറക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി, നിയമസഭാ സാമാജികൻ, പ്രതിപക്ഷ നേതാവ്‌, മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങളെല്ലാം വഹിച്ച വി എസ് അച്യുതാനന്ദന് രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പിറന്നാൾ ആശംസകൾ നേർന്നു. ആധുനിക കേരളത്തിൻ്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദനെന്നും എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം ചൂഷണത്തിനെതിരെ നിലകൊണ്ടു എന്നും പിണറായി വിജയൻ ഓർമ്മിച്ചു.