ഇന്ത്യന്‍ സംഗീത സാമ്രാട്ടിന് ഇന്ന് 56-ാം പിറന്നാൾ

  • IndiaGlitz, [Friday,January 06 2023]

സംഗീതജീവിതത്തിൽ കാൽ നൂറ്റാണ്ടു പിന്നിട്ടു നിൽക്കുന്ന അത്ഭുതം എ. ആർ റഹ്മാന് ഇന്ന് 56 മത് പിറന്നാൾ. മലയാളം, തമിഴ് ചലച്ചിത്രങ്ങൾക്കു സംഗീതം നൽകിയിരുന്ന ആർ.കെ.ശേഖറിൻ്റെ മകനായി 1967 ജനുവരി 6ന് ചെന്നൈയിലാണ് ജനനം. ദിലീപ് എന്നായിരുന്നു അദ്ദേഹത്തിൻ്റെ ആദ്യ പേര്. റഹ്മാൻ്റെ ഒൻപതാം വയസ്സിൽ പിതാവ് മരിച്ചതിനു ശേഷം സംഗീതോപകരണങ്ങൾ വാടകയ്ക്കു നൽകിയാണ്‌ കുടുംബം കഴിഞ്ഞിരുന്നത്.

സംഗീതത്തിലുള്ള അഭിരുചി കാരണം റഹ്‌മാന് മദ്രാസ് ക്രിസ്റ്റ്യൻ കോളജ് ഹയർ സെക്കന്ററി സ്കൂളിൽ അഡ്‌മിഷൻ ലഭിച്ചു. അക്കാലത്തു തന്നെ സംഗീത ബാൻഡിൽ ചേർന്നു. പിന്നീട് പഠനവും സംഗീതവും ഒരേപോലെ മുന്നോട്ടു കൊണ്ടു പോകാൻ കഴിയാതെ വന്നതോടെ പഠനം പാതി വഴിയിൽ ഉപേക്ഷിച്ച് സംഗീതത്തിലേക്ക് ഇഴുകി ച്ചേർന്നു. പിന്നീട് തൻ്റെ ആദ്യ ചിത്രത്തിൻ്റെ സംഗീതത്തിനു ദേശീയ പുരസ്കാരം നേടിയ ഇന്ത്യയിലെ ആദ്യ സംഗീത സംവിധായകൻ എന്ന ബഹുമതി റഹ്മാൻ സ്വന്തമാക്കി. തുടർച്ചയായി രണ്ട് ഓസ്കാർ പുരസ്കാരങ്ങൾ, രണ്ട് ഗ്രാമി പുരസ്കാരങ്ങൾ, ബാഫ്ത പുരസ്കാരങ്ങൾ, നാല് ദേശീയ പുരസ്കാരങ്ങൾ, 15 ഫിലിം ഫെയർ പുരസ്കാരം എന്നിങ്ങനെ അംഗീകാരങ്ങളുടെ നിറവിലായിരുന്നു പിന്നീട് അദ്ദേഹത്തിൻ്റെ സംഗീതലോകം.

1992-ല്‍ പുറത്തിറങ്ങിയ സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധ എന്ന മലയാള ചലച്ചിത്രത്തിനാണ് സിനിമയില്‍ എ.ആര്‍. റഹ്‌മാന്‍ ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ചത്. 1992-ല്‍ മണിരത്‌നത്തിൻ്റെ റോജാ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് സിനിമാ സംഗീത ലോകത്ത് അദ്ദേഹം ശ്രദ്ധേയനായത്. ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും മികച്ച 10 ചലച്ചിത്ര പിന്നണിഗാനങ്ങളിൽ ഒന്നായി റോജായിലെ ഗാനങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. 1995 - ൽ എ.ആർ. റഹ്‌മാൻ സൈറ ബാനുവിനെ വിവാഹം ചെയ്തു. ഇവർക്ക് മൂന്ന് മക്കളുണ്ട്.