ലയണൽ മെസ്സിക്ക് ഇന്ന് മുപ്പത്തിയാറാം പിറന്നാള്‍

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്ക് ഇന്ന് 36 വയസ്സ്. ലോകകപ്പിൽ മുത്തമിട്ട ശേഷമുള്ള ആദ്യ ജന്മദിനമാണ് മെസ്സിയുടേത്. അത് വലിയ രീതിയിൽ ആഘോഷമാക്കുകയാണ് ആരാധകർ. 1987 ജൂൺ 24 ന് അർജന്റീനയിലെ റൊസാരിയോയിൽ ജനിച്ച മെസ്സി 13-ാം വയസ്സിൽ സ്പെയിനിൻ്റെ എഫ്സി ബാഴ്‌സലോണയിൽ കളി തുടങ്ങി. പിന്നീടുള്ള വ‍ർഷങ്ങളിൽ മികച്ച പ്രകടനത്തിലൂടെ ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി മെസ്സി മാറി.

മെസ്സി തൻ്റെ 21 ആം വയസ്സിൽ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ, ഫിഫ ലോക ഫുട്ബോളർ ഓഫ് ദ ഇയർ എന്നീ പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. 22 ആം വയസ്സിൽ അദ്ദേഹം ആ രണ്ട് പുരസ്കാരങ്ങളും കരസ്ഥമാക്കുകയും ചെയ്തു. 2021 ൽ ലഭിച്ച ഏഴാമത് ബാലൺ ഡി ഓയോറോടെ ഈ ബഹുമതി 7 തവണ നേടുന്ന ആദ്യ കളിക്കാരനായി. 2009, 2010, 2011, 2012 വർഷങ്ങളിലായി തുടരെ 4-മത്തെ തവണയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. 2022- ലെ ഫിഫ ലോകകപ്പിൽ അദ്ദേഹം ലോകകപ്പും ഗോൾഡൻ ബോളും നേടി. ഇതിനിടെ പിഎസ്ജി വിട്ട ലയണൽ മെസ്സിയുടെ യുഎസ്എയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലെ അരങ്ങേറ്റം ജൂലായ് 21-ന് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്ലബ്ബിൻ്റെ മൂന്ന് ഉടമകളില്‍ ഒരാളായ ജോര്‍ജ് മാസ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്കതമാക്കിയതായാണ് റിപ്പോർട്ട്. 2025 വരെയാകും ക്ലബ്ബും മെസിയുമായുള്ള കരാര്‍.