കൊച്ചിൻ ഹനീഫ ഓർമ്മയായിട്ട് പതിമൂന്ന് വർഷങ്ങൾ
- IndiaGlitz, [Thursday,February 02 2023]
മലയാളത്തിൻ്റെ എക്കാലത്തെയും നിഷ്കളങ്ക ഹാസ്യതാരം കൊച്ചിൻ ഹനീഫ ഓർമ്മയായിട്ട് ഇന്നേക്ക് പതിമൂന്നു വർഷം. 2010 ഫെബ്രുവരി രണ്ടിന് ആയിരുന്നു കൊച്ചിന്‍ ഹനീഫ എന്നെന്നേക്കുമായി യാത്രയായത്. 1951 ഏപ്രിൽ 22നായിരുന്നു ജനനം. ചെറുപ്പം മുതൽ നാടകങ്ങളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആയാളായിരുന്നു അദ്ദേഹം. മിമിക്രിയിലൂടെ കലാരംഗത്തെത്തിയ കൊച്ചിൻ ഹനീഫ 1970കളിൽ വില്ലൻ വേഷങ്ങളിലൂടെയാണ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടത്. അഷ്ടവക്രൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. പിന്നീട് അദ്ദേഹം സംവിധായകനായും തിരക്കഥാകൃത്തായും ഹാസ്യനടനായും തിളങ്ങി. ഒരു സന്ദേശം കൂടി, ഭീഷ്മാചാര്യ, മൂന്ന് മാസങ്ങൾക്ക് മുമ്പ്, ഒരു സിന്ദൂരപ്പൊട്ടിന്‍റെ ഓർമ്മയ്ക്ക്, ആൺകിളിയുടെ താരാട്ട്, വാത്സല്യം തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. കടത്തനാടൻ അമ്പാടി, പുതിയ കരുക്കൾ, ലാൽ അമേരിക്കയിൽ, ഇണക്കിളി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാ കൃത്തുമായി.
ലോഹിതദാസിൻ്റെ സൂത്രധാരൻ എന്ന ചിത്രത്തിൽ ഏറെ ഗൗരവമായ ഒരു വേഷമായിരുന്നു കൈകാര്യം ചെയ്തത്. അതിന് 2001ൽ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡും ലഭിച്ചു. ഏറ്റവും ജനപ്രിയ ഹാസ്യ നടന്മാരിൽ ഒരാളായി മാറിയ അദ്ദേഹം നിരവധി തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലായി 300 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിൽ സംവിധായകനും, തിരക്കഥാ കൃത്തുമായി. കിരീടത്തിലെ ഹൈദ്രോസായും മന്നാര്‍ മത്തായിയിലെ എൽദോയായും പഞ്ചാബി ഹൗസിലെ ഗംഗാധരൻ മുതലാളിയായും ഹിറ്റ്ലറിലെ ജബ്ബാറായുമൊക്കെ കൊച്ചിൻ ഹനീഫ ഇന്നും മലയാളി മനസ്സുകളിൽ ജീവിക്കുന്നു. സ്വദേശിനിയായ ഫാസിലയാണ് ഹനീഫയുടെ ഭാര്യ. ഇവർക്ക് സഫ, മാർവ്വ എന്നിങ്ങനെ ഇരട്ടകളായ രണ്ട് പെൺമക്കളുണ്ട്.