ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ലെന്ന് ചിന്ത ജെറോം
- IndiaGlitz, [Thursday,February 23 2023]
യുവജന കമ്മിഷനിൽ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകാൻ പണം തികയുന്നില്ലെന്ന് യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം. ഇക്കാര്യം അറിയിച്ച് ചിന്ത ജെറോം ധനകാര്യ വകുപ്പിന് കത്തയച്ചു. ധനകാര്യ ജീവനക്കാരുടെയും അംഗങ്ങളുടെയും ശമ്പളം, ഓണറേറിയം, ആർജിതാവധി സറണ്ടർ, പ്രൊവിഡന്റ് ഫണ്ട് ലോൺ, യാത്രാബത്ത എന്നിവയ്ക്കു നൽകാൻ 26 ലക്ഷം വേണമെന്നാണു യുവജന കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ 18 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. അനുവദിച്ച തുകയിൽ 8,45,000 രൂപ ഡിസംബർ മാസത്തിലെ ജീവനക്കാരുടെ ശമ്പളത്തിനും ഓണറേറിയത്തിനും ചെലവായതായി ചിന്ത ജെറോം അറിയിച്ചു. സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നിത്യച്ചെലവുകൾക്ക് പോലും പണമില്ലാത്ത സ്ഥിതിയാണ്. പത്ത് ലക്ഷം രൂപയിലധികം തുകയുള്ള ബില്ലുകൾ ട്രെഷറി വഴി മാറുന്നതിന് ധനകാര്യ വകുപ്പിൻ്റെ അനുമതി തേടണമെന്ന് സർക്കുലർ ഇറക്കിയിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് യുവജന കമ്മീഷൻ പണമില്ലെന്ന പരാതി ഉന്നയിച്ചിരിക്കുന്നത്.