ജനങ്ങളുടെ നെഞ്ചത്ത് അടിച്ചുകയറ്റിയ മഞ്ഞക്കല്ലുകള്‍ തുലഞ്ഞു: സുരേഷ് ഗോപി

  • IndiaGlitz, [Saturday,April 15 2023]

കേരളത്തിന് വന്ദേഭാരത് ഐശ്വര്യമാണെന്നും ജനങ്ങളുടെ നെഞ്ചത്ത് അടിച്ച മഞ്ഞക്കല്ലുകള്‍ തുലഞ്ഞെന്നും സംസ്ഥാന സർക്കാരിൻ്റെ സിൽവർ ലൈൻ പദ്ധതിയെ പരിഹസിച്ച് ബിജെപി നേതാവ് സുരേഷ് ഗോപി. ബാക്കി കാര്യങ്ങള്‍ പ്രധാനമന്ത്രി സംസാരിക്കുമെന്നും സുരേഷ് ഗോപി തിരുവനന്തപുരം ശാസ്തമംഗലത്ത് പറഞ്ഞു. ജനങ്ങളുടെ നെഞ്ചത്തടിച്ചു കയറ്റിയ കുറേ മഞ്ഞക്കല്ലുകളങ്ങ് തുലഞ്ഞു. അതു തന്നെയാണ് ഏറ്റവും വലിയൊരു ഐശ്വര്യം എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. കേരളത്തിലെ യാത്രക്കാർക്ക് അതിവേഗം സഞ്ചരിക്കാൻ രണ്ടു ലക്ഷം കോടി രൂപ ചെലവഴിച്ച് സിൽവർ ലൈൻ കൊണ്ടു വരണമെന്ന് ആഗ്രഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഇനി ദുഃഖിക്കേണ്ടെന്ന് ബിജെപി നേതാവും റെയിൽവേ പിഎസി ചെയർമാനുമായ കൃഷ്ണദാസ് പറഞ്ഞു. ഇനി മുതൽ ഷൊർണൂരിൽ നിന്ന് അപ്പവുമായി തിരുവനന്തപുരത്ത് പോയി അത് വിറ്റ് അതിവേഗം തിരിച്ചെത്താമെന്നായിരുന്നു കൃഷ്ണദാസിൻ്റെ പ്രസ്താവന. കേരളത്തിന് പ്രധാനമന്ത്രിയുടെ വിഷു കൈനീട്ടമാണ് വന്ദേഭാരത് എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. പാലക്കാടെത്തിയ വന്ദേഭാരത് റേക്കുകള്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം ഒരുക്കിയിരുന്നു. കേരളത്തിനുള്ള ആദ്യ വന്ദേ ഭാരത് എക്സ്പ്രസിൻ്റെ റേക്കുകള്‍ ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു.