പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ഭീഷണി
- IndiaGlitz, [Saturday,April 22 2023]
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചാവേര്‍ ആക്രമണം ഉണ്ടാകുമെന്ന് ഊമക്കത്തു ലഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് കത്ത് ലഭിച്ചത്. ഒരാഴ്ച മുമ്പാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൻ്റെ മേല്‍വിലാസത്തില്‍ കത്ത് ലഭിക്കുന്നത്. അത് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുകയുമായിരുന്നു. കത്തിനേക്കുറിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. കേരളത്തില്‍ സന്ദര്‍ശനത്തിന് എത്തുമ്പോള്‍ പ്രധാനമന്ത്രിക്കു നേരെ ചാവേര്‍ ആക്രമണം ഉണ്ടാകുമെന്നാണ് കത്തില്‍ പറയുന്നത്.
രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വൈകിട്ടാണ് കൊച്ചിയിൽ എത്തുന്നത്. കൊച്ചിയില്‍ നടക്കുന്ന റാലിയിലും തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടിലെ യുവം പരിപാടിയിലും, കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി വന്ദേഭാരതിൻ്റെ ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കും. പൊലീസും രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം തുടങ്ങി. അതേസമയം, പ്രധനമന്ത്രിയുടെ പൊലീസ് സുരക്ഷ സംബന്ധിച്ച വിവരങ്ങൾ ചോർന്നതായും റിപ്പോർട്ടുണ്ട്.