ലാവ്‍ലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി വച്ചു
- IndiaGlitz, [Monday,April 24 2023]
ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി വച്ചു. കേസിൽ വാദം കേൾക്കുന്നതിൽ നിന്ന് മലയാളിയായ ജസ്റ്റിസ് സി ടി രവികുമാർ പിൻമാറിയതിനെ തുടർന്നാണ് ഇന്ന് മാറ്റി വെച്ചത്. ബെഞ്ചിൽ നിന്ന് ജഡ്ജി പിൻമാറിയ സാഹചര്യത്തിൽ തുടർനടപടികൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തീരുമാനിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്.
വൈദ്യുതി മന്ത്രി എന്ന നിലയിലാണ് പിണറായി വിജയൻ ഈ കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. ഹര്‍ജികള്‍ ജസ്റ്റിസുമാരായ എം ആര്‍ ഷാ, മലയാളിയായ സി ടി രവികുമാര്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അസുഖ ബാധിതനായതിനാല്‍ ഇന്ന് കേസ് പരിഗണിക്കരുതെന്ന് ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്‍റ് സെക്രട്ടറി എ ഫ്രാന്‍സിസിന്‍റെ അഭിഭാഷകന്‍ സുപ്രീം കോടതി റജിസ്ട്രാര്‍ക്ക് കത്തു നല്‍കിയിരുന്നു. കേസ് മൂന്നാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇന്നത്തോടെ 34ാമത്തെ തവണയാണ് കേസ് മാറ്റിവെക്കുന്നത്.