മുഖ്യമന്ത്രിക്കെതിരെ എന്തും പറയാമെന്ന നിലപാടാണ് പ്രതിപക്ഷത്തിന്: എ കെ ബാലന്‍

  • IndiaGlitz, [Friday,May 05 2023]

എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. ആരോപണങ്ങൾ ഉന്നയിക്കുന്നതിൻ്റെ പ്രധാന കാരണം പ്രതിപക്ഷ നേതാവും, മുൻ പ്രതിപക്ഷ നേതാവും തമ്മിലുള്ള മത്സരമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ എന്തും പറയാമെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. വീണ്ടും വീണ്ടും മുഖ്യമന്ത്രി മറുപടി പറയണമെങ്കില്‍ അതിന് മനസ്സില്ലെന്നാണ് അര്‍ത്ഥം. ഇതിൽ മുഖ്യമന്ത്രി എന്താ പ്രതികരിക്കാത്തത് എന്നാണ് ചോദ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

വിജിലൻസ് അന്വേഷിക്കുമ്പോൾ മുഖ്യമന്ത്രി എങ്ങനെ അഭിപ്രായം പറഞ്ഞു എന്നാവും പ്രതികരിച്ചാൽ പറയുക, പ്രതികരിച്ചില്ലെങ്കിൽ അത് ഒളിച്ചുകളി എന്ന് പറയും. എല്ലാം കലങ്ങി തെളിയട്ടെയെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു. ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിനിടയിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പറഞ്ഞാൽ അതിന് മനസില്ല, അഴിമതി ആരോപണം ഒരു സംവിധാനം വഴിയും തെളിയിക്കാനായിട്ടില്ല. നിയമപരമായി നടക്കേണ്ട കാര്യങ്ങൾ അങ്ങനെ നടക്കും. പരാതി കൊടുക്കേണ്ടവർക്ക് പരാതി കൊടുക്കാം എന്നും എ കെ ബാലൻ പറഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ഒരു ആരോപണവും തെളിയിക്കാനായിട്ടില്ല. വിജിലന്‍സും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അന്വേഷിക്കുന്നുണ്ടെന്നും ബാലന്‍ തിരുവനന്തപുരത്ത് പറഞ്ഞു.