ഗുജറാത്തില്‍ പുതിയ സർക്കാർ തിങ്കളാഴ്ച ചുമതലയേൽക്കും

ഗുജറാത്തിൽ ബിജെപി ചരിത്ര വിജയം നേടി തുടർച്ചയായി ഏഴാമതും ഭരണത്തിലെത്തിയത് റെക്കോർഡ് നേട്ടമായിരുന്നു. ഈ ആധികാരിക വിജയം ബിജെപി നേടിയത് നാലിൽ മൂന്നു ഭൂരിപക്ഷത്തോടെയാണ്. ഗുജറാത്തിൽ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങികഴിഞ്ഞു. ഭൂപേന്ദ്ര പട്ടേല്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തിങ്കളാഴ്ച ഉച്ചയ്ക്ക് ഗാന്ധിനഗറില്‍ വച്ചാണ് സത്യപ്രതിജ്ഞ. മന്ത്രിസഭയില്‍ ആരൊക്കെ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ സത്യാപ്രതിജ്ഞാചടങ്ങില്‍ സംബന്ധിക്കുമെന്ന് ഗുജറാത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പാട്ടീല്‍ അറിയിച്ചു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ ചരിത്ര വിജയം ബിജെപി വലിയ തോതിലാണ് ആഘോഷിക്കുന്നത്. ഗുജറാത്തിൽ വിജയം നേടാനായില്ലെങ്കിലും, ബിജെപി കോട്ടയ്ക്കുള്ളിൽ കടക്കാനായത് വലിയ നേട്ടമാണെന്ന് ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ അവകാശപ്പെട്ടു.