36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അർജൻ്റീനയ്ക്ക് കിരീട സാഫല്യം. കാൽപ്പന്തുകളിയിലെ ഇതിഹാസം മെസ്സി ഒരിക്കൽക്കൂടി ലോക ഫുട്ബോളിൻ്റെ താരമായി. പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ 4-2 ന് തകർത്താണ് അർജൻ്റീന നായകൻ സംതൃപ്തിയുടെ കൊടുമുടിയിൽ നിന്നുകൊണ്ട് 2014 ഫൈനലിൽ നഷ്ടപ്പെട്ട സ്വപ്ന കിരീടത്തിൽ മുത്തമിട്ടത്. ലോകകപ്പിൽ അർജൻ്റീനയുടെ മൂന്നാം കിരീടനേട്ടമാണിത്. ഇതിനു മുമ്പ് 1986ല്‍ സാക്ഷാല്‍ ഡീഗോ മറഡോണയുടെ മാജിക്കല്‍ പ്രകടനത്തിൻ്റെ മികവിലായിരുന്നു അര്‍ജൻ്റീന വിശ്വ കിരീടമണിഞ്ഞത്.
കലാശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ഖത്തർ ലോകകപ്പിൽ അർജൻ്റീന കിരീടം തൊട്ടത്. ഷൂട്ടൗട്ടിൽ 4–2നാണ് അർജൻ്റീന ഫ്രാൻസിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചും എക്സ്ട്രാ ടൈമിൽ മൂന്നു ഗോൾ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. ഫ്രാൻസിനായി കിലിയൻ എംബപെ ഹാട്രിക് നേടി. 80, 81, 118 മിനിറ്റുകളിലായിരുന്നു എംബപെയുടെ ഗോളുകൾ.
ഖത്തറിലെ കിരീടവിജയത്തോടെ അർജൻ്റീനയ്ക്ക് സമ്മാനത്തുകയായി 347 കോടി രൂപ ലഭിക്കും. ഖത്തർ ലോകകപ്പിൽ അർജൻ്റീനയുടെ കിരീടനേട്ടത്തിന് മേലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം ലയണൽ മെസ്സിക്ക്. എന്നാൽ വാശിയേറിയ പോരാട്ടത്തിന് ഒടുവിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിനുള്ള ഗോൾഡൻ ബൂട്ട് മെസ്സിയെ മറികടന്ന് ഫ്രാൻസിൻ്റെ കിലിയൻ എംബപെ സ്വന്തമാക്കി. ടൂർണമെൻ്റിലെ ഏറ്റവും മികച്ച ഗോൾകീപ്പറിനുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം അർജൻ്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് കരസ്ഥമാക്കി.