മലയാളം കണ്ട മഹാനടൻ്റെ ഓർമ്മകൾക്ക് 52 വയസ്
- IndiaGlitz, [Thursday,June 15 2023]
മലയാളം കണ്ട എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളാണ് സത്യന്‍. മാനുവേൽ സത്യനേശൻ എന്നാണ് അദ്ദേഹത്തിൻറെ യഥാർത്ഥപേര്. രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുള്ള സത്യൻ തനതായ അഭിനയ ശൈലി കൊണ്ടും സ്വഭാവികമായ അഭിനയം കൊണ്ടും തൻ്റെ കാലഘട്ടത്തിൽ വളരെ പ്രസിദ്ധനായിരുന്നു. 1912 നവംബർ 9ന് തെക്ക് തിരുവിതാംകൂറിലെ തിരുമലക്കടുത്തുള്ള ആറാമട എന്ന ഗ്രാമത്തിൽ മാനുവലിന്റേയും ലില്ലി അമ്മയുടേയും ആദ്യ പുത്രനായിട്ടാണ് സത്യൻ ജനിച്ചത്. അക്കാലത്തെ ഉയർന്ന ബിരുദമായി കണക്കാക്കപ്പെട്ടിരുന്ന വിദ്വാൻ പരീക്ഷ പാസായതിനു ശേഷം സത്യൻ സ്കൂൾ അദ്ധ്യാപകനായി സെ.ജോസഫ് സ്കൂളിൽ ജോലി നോക്കി. കുറച്ചു കാലം കഴിഞ്ഞ് അദ്ദേഹത്തിന് സെക്രട്ടറിയേറ്റിൽ ജോലി കിട്ടി. അവിടെ അദ്ദേഹം ഒരു വർഷത്തോളം ജോലി നോക്കി. അതിനു ശേഷം സത്യൻ 1941 ൽ പട്ടാളത്തിൽ ചേർന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിന്റെ മണിപ്പൂർ സേനയിൽ അംഗമായി സേവനമനുഷ്ഠിച്ചിരുന്നു. പട്ടാള സേവനത്തിനു ശേഷം അദ്ദേഹം തിരിച്ചു പോരുകയും തിരുവിതാംകൂറിൽ പോലീസിൽ ചേരുകയും ചെയ്തു.
1947-48 കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് വിപ്ലവ കാലത്ത് സത്യൻ ആലപ്പുഴ പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്നുണ്ടായിരുന്നു. അവിടെ അദ്ദേഹം നാടാർ ഇൻസ്പെക്ടർ എന്നാണ് അറിയപ്പെട്ടിരുന്നത്. അക്കാലത്ത് നാടകങ്ങളിലും അഭിനയിച്ചിരുന്നു. ഈ നാടകാഭിനയങ്ങൾ അദ്ദേഹത്തിന് അഭിനയത്തിൽ കൂടുതൽ താല്പര്യമുണ്ടാക്കി. അദ്ദേഹം തൻ്റെ നാല്പതാമത്തെ വയസ്സിൽ ത്യാഗസീമ എന്ന പുറത്തിറങ്ങാതിരുന്ന സിനിമയിലൂടെയാണ് ചലച്ചിത്ര ജീവിതം ആരംഭിച്ചത്. അതിനു ശേഷം ഔദ്യോഗിക പദവികൾ ഉപേക്ഷിച്ച സത്യൻ ആത്മസഖി എന്ന രണ്ടാം ചിത്രം വിജയിച്ചതോടെ തിരക്കുള്ള സിനിമാക്കാരനായി. 1954ൽ പ്രദർശനത്തിനെത്തിയ നീലക്കുയിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ ശ്രദ്ധിക്കപ്പെട്ട ആദ്യ ചിത്രം. ഓടയിൽ നിന്ന് ,യക്ഷി, ദാഹം, സ്‌നേഹസീമ എന്നിവയിലെ കഥാപാത്രങ്ങൾ സത്യൻ്റെ അഭിനയ ജീവിതത്തിനു മാറ്റു കൂട്ടിയപ്പോൾ ചെമ്മീനിലെ പളനി മലയാളി കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് ചെയ്തത്. സൂപ്പര്‍ സ്റ്റാറായി തിളങ്ങുന്ന സമയത്ത് അപ്രതീക്ഷിതമായെത്തിയ കാന്‍സര്‍ അദ്ദേഹത്തെ കീഴ്പ്പെടുത്തിയത്. 58 മത്തെ വയസ്സിൽ 1971 ൽ ജൂൺ 15 ന് ആ കലാജീവിതം തിരശീലക്ക് പിന്നിലേക്ക് മറഞ്ഞു.