രാഹുൽ ഗാന്ധിയുടെ അപ്പീൽ പരിഗണിക്കേണ്ടിയിരുന്ന ജഡ്ജി പിന്മാറി

  • IndiaGlitz, [Thursday,April 27 2023]

മോദി പരാമർശത്തിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ പരിഗണിക്കേണ്ടിയിരുന്ന ജഡ്ജി ഗീതാ ഗോപി പിന്മാറി. കേസിൽ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമല്ല. കേസ് മറ്റൊരു ബെഞ്ചിനു വിടാൻ ജസ്റ്റിസ് ഗീത ഗോപി കോ‌ടതി റജിസ്ട്രാർ വഴി ചീഫ് ജസ്റ്റിസിനെ അറിയിച്ചു. പുതിയ ജഡ്ജിക്ക് കൈമാറൽ രണ്ടു ദിവസം എടുക്കുമെന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ പി.എസ് ചാപനേരി വ്യക്തമാക്കി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി എന്ന പേരിനെക്കുറിച്ചു നടത്തിയ പരാമർശത്തിനെതിരെ ബിജെപി നേതാവ് പൂർണേഷ് മോദിയാണു കോടതിയെ സമീപിച്ചത്.

വിവാദ വജ്ര വ്യാപാരി നീരവ് മോദി, ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി എന്നിവരെ പരാമർശിച്ച് എല്ലാ കള്ളൻമാർക്കും മോദി എന്നു പേരുള്ളത് എന്ത് കൊണ്ടാണ് എന്നായിരുന്നു രാഹുലിൻ്റെ പരാമർശം. മോദി എന്ന പേരിനെ കുറിച്ച പരാമർശത്തിൻ്റെ പേരിൽ കീഴ്കോടതി രണ്ടുവർഷം ശിക്ഷിച്ചതിനെതിരെ സെഷൻസ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ശിക്ഷ ശരിവെച്ചിരുന്നു. തുടർന്നാണ്, ഹൈകോടതിയിൽ അപ്പീൽ നൽകിയത്. ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് പാർലമെന്റ് അംഗത്വം നഷ്ടമായ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. അടുത്ത എട്ടു വർഷത്തേക്ക് പാർലമെന്റിലേക്ക് മത്സരിക്കാനും രാഹുലിന് വിലക്കുണ്ട്.