ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസിൽ പങ്കെടുക്കാനാകില്ല

തുടർച്ചയായ രണ്ടാം തവണയും ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസ് നഷ്ടമായേക്കും എന്ന് റിപ്പോർട്ട്. കായിക മന്ത്രാലയത്തിൻ്റെ മാനദണ്ഡങ്ങൾ അനുസരിക്കാത്തതിനാലാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന് തുടർച്ചയായി രണ്ടാം തവണയും മത്സരത്തിൽ പങ്കെടുക്കാൻ കഴിയാത്തതെന്നാണ് പുറത്തുവരുന്ന വിവരം.

ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് കീഴില്‍ വരുന്ന രാജ്യങ്ങളില്‍ നിലവിൽ 18-ാം സ്ഥാനത്താണ് ഇന്ത്യ. അതുകൊണ്ടു തന്നെ പത്താം സ്ഥാനത്തായ വനിതാ ടീമിനും പുരുഷ ടീമിനെ പോലെ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനാകില്ല എന്നാണ് വിവരം. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പും സാഫ് ചാമ്പ്യന്‍ഷിപ്പ്‌സ് കിരീടവും സ്വന്തമാക്കിയ ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍ പോരാട്ടത്തില്‍ ഇറങ്ങില്ല. റാങ്കിങില്‍ പിന്നിലായതാണ് ഇന്ത്യക്ക് തിരിച്ചടിയായി മാറിയത്. ഏഷ്യന്‍ ടീമുകളുടെ റാങ്കിങില്‍ ഇന്ത്യ ആദ്യ എട്ടിനുള്ളില്‍ എത്തിയാല്‍ മാത്രം ടീമിനെ ഗെയിംസില്‍ പങ്കെടുപ്പിച്ചാല്‍ മതിയെന്നാണ് കേന്ദ്ര കായിക മന്ത്രാലയത്തിൻ്റെ നിലപാട്. യോഗ്യത സംബന്ധിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷനും ദേശീയ സ്പോര്‍ട്സ് ഫെഡറേഷനുകൾക്കും കേന്ദ്ര കായിക മന്ത്രാലയമാണു കത്തയച്ചത്. തീരുമാനം മാറ്റണമെന്ന അഭ്യർഥനയുമായി എഐഎഫ്എഫ് കായിക മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.