ഇന്ത്യ- പാകിസ്താന്‍ ലോകകപ്പ് മത്സരം ഒക്ടോബര്‍ 14-ലേക്ക് മാറ്റി

ഇന്ത്യ വേദിയായ ഏകദിന ലോകകപ്പിലെ ഇന്ത്യ- പാകിസ്താൻ മത്സരം മാറ്റിയതായി റിപ്പോർട്ട്. ഒക്ടോബര്‍ 14 ലേക്കാണ് തീയതി പുനഃ ക്രമീകരിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ലോകകപ്പ് ഷെഡ്യൂളില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ട്. പുനഃക്രമീകരണങ്ങളെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഓഗസ്റ്റ് 31ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്ന ദിവസമായതിനാല്‍ നഗരത്തിലെ തിരക്കും സുരക്ഷയും പരിഗണിച്ച് തീയതി മാറ്റാന്‍ സുരക്ഷാ ഏജന്‍സികള്‍ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. അതിനെ തുടര്‍ന്നാണ് മാറ്റം വരുത്താന്‍ തീരുമാനിച്ചത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒക്ടോബർ 15-നായിരുന്നു മത്സരം നടത്താൻ നിശ്ചയിച്ചിരുന്നത്. മത്സര ക്രമത്തിൽ മാറ്റം ആവശ്യപ്പെട്ട് മൂന്ന് ക്രിക്കറ്റ് ബോർഡുകൾ ഐസിസിക്ക് കത്തെഴുതിയതിനെ തുടർന്ന് ഏകദിന ലോകകപ്പിൻ്റെ ഷെഡ്യൂളിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞയാഴ്ച ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞിരുന്നു.