ആദായനികുതി വകുപ്പ് ഫഹദ് ഫാസിലിൻ്റെ മൊഴിയെടുത്തു
- IndiaGlitz, [Tuesday,February 21 2023]
മലയാള സിനിമയിലേക്കു വിദേശകള്ളപ്പണ നിക്ഷേപം എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്നുള്ള ആദായനികുതി വകുപ്പിൻ്റെ (ഐടി) പരിശോധന തുടരുന്ന സാഹചര്യത്തിൽ നടനും നിർമ്മാതാവുമായ ഫഹദ് ഫാസിലിൻ്റെ മൊഴി രേഖപ്പെടുത്തി. കൊച്ചിയിലെ ആദായ നികുതി ഓഫീസിൽ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. സിനിമയുമായി ബന്ധപ്പെട്ട് പല വിഭാഗങ്ങളിൽ നിന്നുമായി ഫഹദ് വലിയ തുക അഡ്വാൻസ് വാങ്ങിയിരുന്നു. എന്നാൽ തിരക്കുകാരണം പല സിനിമകളിലും ഫഹദിന് അഭിനയിക്കാനായില്ല. കോടിക്കണക്കിനു രൂപ വരുന്ന അഡ്വാൻസ് തുക വരുമാനത്തിൽ ചേർത്തിട്ടില്ല എന്നതാണ് ആദായ നികുതി വകുപ്പ് ഫഹദിനെതിരേ ചുമത്തിയിരിക്കുന്നത്. നേരത്തെ ഫഹദ് ഉൾപ്പെട്ട സിനിമ നിർമ്മാണ സ്ഥാപനത്തിൽ പരിശോധന നടത്തിയിരുന്നു. കണക്കുകളിൽ വ്യക്തത വരുത്താനാണ് വിളിപ്പിച്ചതെന്ന് ഫഹദ് ഫാസിൽ വാർത്താ മാധ്യമങ്ങളോടു പറഞ്ഞു. വിദേശപണ നിക്ഷേപം കേരളത്തിലെ സിനിമാ നിർമാണത്തിൽ കൂടുതലാണെന്ന ഇന്റലിജൻസ് വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന വ്യാപകമാക്കിയത്.