IFFK 2022 ചലച്ചിത്രമേളയ്ക്ക് നാളെ തിരി കൊളുത്തും
- IndiaGlitz, [Thursday,December 08 2022]
തിരുവനന്തപുരത്ത് ഇരുപത്തിയേഴാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി. ഡിസംബര്‍ ഒമ്പതിന് വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. സംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും.
പ്രധാന വേദിയായ ടാഗോർ തിയേറ്ററടക്കം14 തിയേറ്ററുകളിലായി 70 ലധികം രാജ്യങ്ങളിൽ നിന്നുള്ള 184 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനില്ക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്. വിവിധ തിയേറ്ററുകളിലായി 9600 സീറ്റുകളാണ് മേളയ്‌ക്കായി സജ്ജമാക്കിയിട്ടുള്ളത്. 2500 സീറ്റുകൾ ഉള്ള ഓപ്പൺ തിയേറ്റർ ആയ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദർശന വേദി. ദാര്‍ദന്‍ ബ്രദേഴ്‌സ് സംവിധാനം ചെയ്ത ടോറി ആന്റ് ലോകിതയാണ് ഉദ്ഘാടന ചിത്രം. ചടങ്ങില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കും. മേളയോടനുബന്ധിച്ച് മുഖ്യവേദിയായ ടാഗോറില്‍ രണ്ട് എക്‌സിബിഷനുകള്‍ പ്രദർശിപ്പിക്കും. അതിലൊന്ന് അനശ്വരനടന്‍ സത്യൻ്റെ 110ാം ജന്മവാര്‍ഷിക വേളയില്‍ അദ്ദേഹത്തിൻ്റെ 20 വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തില്‍ നിന്നുള്ള 110 ചിത്രങ്ങള്‍ ആര്‍.ഗോപാലകൃഷ്ണന്‍ 'സത്യന്‍ സ്മൃതി' എന്നപേരിൽ സംഘടിപ്പിക്കുന്നുണ്ട്.