വാദം മാറ്റിവയ്ക്കണമെന്ന ദിലീപിൻ്റെ ആവശ്യം ഹൈക്കോടതി തള്ളി.

  • IndiaGlitz, [Monday,August 21 2023]

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന ദിലീപിൻ്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. കേസിൽ ദിലീപിന് മാത്രമാണല്ലോ പരാതി എന്നും ചോദിച്ച കോടതി ഹർജി വിധി പറയാൻ മാറ്റി. വിശദമായ അന്വേഷണം വേണമെന്നായിരുന്നു നടിയുടെ ഹര്‍ജി. അതിജീവിതയുടെ ആവശ്യം ന്യായമാണെന്ന് സർക്കാർ കോടതിയെ അറയിച്ചു.

അതേസമയം നടിയെ അക്രമിച്ച സംഭവത്തിലെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസിൽ അമിക്വസ് ക്യൂറിയായി അഡ്വ.രഞ്ജിത്ത് മാരാരെ ഹൈക്കോടതി നിയമിച്ചു. കേസിൽ വാദം കേട്ട ജഡ്ജി വിധിപറയുന്നത് തടയുകയാണ് അതിജീവിതയുടെ ഹർജിയുടെ ഉദ്ദേശ്യമെന്നു ചൂണ്ടിക്കാട്ടിയാണ്, വാദം കേൾക്കുന്നത് മാറ്റി വയ്ക്കണം എന്ന് ദിലീപ് ആവശ്യമുന്നയിച്ചത്. അതിജീവിത നൽകിയ ഹർജിക്ക് മറ്റു പല ഉദ്ദേശ്യങ്ങളുമുണ്ടെന്നാണ് ദിലീപ് ആരോപിച്ചത്. അതേസമയം ഇരയെന്ന നിലയിൽ തൻ്റെ മൗലിക അവകാശം സംരക്ഷിക്കാൻ കോടതിക്ക് ഉത്തരവാദിത്തമുണ്ടെന്ന് അതിജീവിത വാദിച്ചു. അതിന് അന്വേഷണം നടക്കണമെന്നും സംഭവത്തിനു പിന്നിലുള്ള പ്രതികളെ പുറത്തു കൊണ്ടുവരണമെന്നും അതിജീവിത ആവശ്യപ്പെട്ടു. ഇതിനെ സംസ്ഥാന സർക്കാരും പിന്തുണച്ചു. തുടർന്ന് കോടതി ഈ ഹർജിയിൽ വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു.