അതിദാരിദ്ര്യം പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം

  • IndiaGlitz, [Wednesday,October 04 2023]

2025 നവംബര്‍ ഒന്നോടെ കേരളത്തെ അതിദാരിദ്ര്യം പൂര്‍ണ്ണമായും ഇല്ലാതാക്കിയ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ബോള്‍ഗാട്ടി പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ മേഖലാതല അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ഇതിനകം പ്രഖ്യാപിച്ച പദ്ധതികളില്‍ വലിയ നേട്ടമുണ്ടാക്കാനാകും എന്നാണ് അവലോകന യോഗത്തിനു ശേഷം വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാലിന്യ നീക്കത്തിലും ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. ഈ നേട്ടം കൂടുതല്‍ മെച്ചപ്പെടുത്താനാണ് മാലിന്യമുക്ത നവകേരളം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സഞ്ചാരികള്‍ക്ക് നല്ല രീതിയില്‍ കേരളം കണ്ട് മടങ്ങുന്നതിനുള്ള അവസരം സൃഷ്ടിക്കണം. സമയബന്ധിതമായി ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം. വിദ്യാഭ്യാസം, ആരോഗ്യം, ഹരിത കേരളം മിഷന്‍ എന്നിവയിലും മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മനസോടിത്തിരി മണ്ണ് ക്യാംപയ്ന്‍ കൂടുതല്‍ സജീവമാക്കണം. ജനങ്ങള്‍ സ്വമനസാലേ തരുന്ന മണ്ണ് ആണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇതിന് കൂടുതല്‍ പേരെ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം എന്നും മുഖ്യമന്ത്രി പറഞ്ഞു.