'ജയിലർ' ലെ ആദ്യ ഗാനം റിലീസായി

  • IndiaGlitz, [Friday,July 07 2023]

സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന നെൽസൻ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. ചിത്രത്തിലെ നായികയായ തമന്ന അതീവ സുന്ദരിയായി എത്തുന്ന ഗാനം നിമിഷനേരം കൊണ്ട് വൈറലായി മാറുകയാണ്. അനിരുദ്ധിൻ്റെ സംഗീതത്തിൽ ഒരുങ്ങുന്ന 'കാവാല' എന്ന ഗാനം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. നേരത്തെ ആദ്യ ഗാനം റിലീസ് ചെയ്യണമെന്ന് നെൽസൻ അനിരുദ്ധിനോട്‌ ആവശ്യപ്പെടുന്ന പ്രോമോ വീഡിയോ വൈറലായി മാറിയിരുന്നു. സൺ പിക്ചേഴ്സിൻ്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10ന് തീയേറ്ററുകളിൽ എത്തും. മോഹൻലാലും രജനികാന്തും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

രജനിയുടെ 169ആം ചിത്രം കൂടിയാണ് ജയിലർ. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലൻ തന്നെയാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിൻ്റെ ഡിസ്ട്രിബ്യുഷൻ പാർട്ണർ. സൗത്ത് ഇന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിൻ്റെ ആക്ഷൻ. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. ലോകമെമ്പാടും ഇൻഡിപെൻഡൻസ് ദിന വീക്കെന്റിലാണ് ചിത്രം റിലീസിനെത്തുന്നത്. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.