വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ എത്തി; അസാധ്യമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി
- IndiaGlitz, [Monday,October 16 2023]
വിഴിഞ്ഞം തുറമുഖത്ത് എത്തിയ കപ്പലിന് വന്‍ വരവേല്പ് നൽകി കേരള സർക്കാർ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് കപ്പലായ ഷെൻഹുവായ് 15 നെ ഫ്ളാഗ് ഇൻ ചെയ്ത് വരവേറ്റു. കേരളത്തെ സംബന്ധിച്ച് അസാധ്യമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
തടസങ്ങള്‍ ഉണ്ടായെങ്കിലും വേഗത്തില്‍ വിഴിഞ്ഞത്ത് കപ്പലെത്തിക്കാന്‍ സാധിച്ചെന്നും എത്ര വലിയ പ്രതിസന്ധിയും അതിജീവിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 1995 മുതലുള്ള എല്ലാ സർക്കാരുകളും വ്യത്യസ്ത തരങ്ങളിലും തലങ്ങളിലും ഈ സ്വപ്നം പൂർത്തിയാക്കാൻ നടത്തിയ ഇടപെടലുകളുടെ തുടർച്ചയും വിജയവുമാണ് ഈ ദിനമെന്നും മുഖ്യമന്ത്രി പറഞ്ഞു. വരും ദിനങ്ങളിൽ ബാക്കി ക്രെയിനുകളുമായി കപ്പലുകൾ എത്തിച്ചേരും. രാജ്യത്തിന്റെ അന്താരാഷ്ട്ര ചരക്കു നീക്കത്തിന്റെ കവാടമാകാൻ തക്ക പ്രത്യേകതകളുള്ള തുറമുഖമാണ് വിഴിഞ്ഞം. വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിച്ച ശേഷം നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രമന്ത്രി വി. മുരളീധരന്, മന്ത്രിമാരായ വി.ശിവന്‍കുട്ടി, കെ.രാജന്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, ശശി തരൂര്‍ എം.പി. എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.