ലോഡ് ഷെഡിങ് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

  • IndiaGlitz, [Tuesday,August 22 2023]

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ പ്രശ്ന പരിഹാരത്തിന് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തണോ, അതോ കൂടിയ വിലയ്ക്ക് പുറത്ത് നിന്ന വൈദ്യുതി വാങ്ങുന്നത് തുടരണമോ എന്നതില്‍ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന് വിട്ടു. ഈ മാസം 25നു മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും. ഇന്ന് ചേര്‍ന്ന ഉന്നതതല യോഗമാണ് വൈദ്യുതി പ്രതിസന്ധിയില്‍ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടത്.

കേരളത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടി വരുമെന്നും മന്ത്രി കെ.കൃഷ്ണൻ കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിലവില്‍ പുറത്തുനിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രതിദിനം കെഎസ്ഇബിക്ക് പത്തു കോടിയില്‍പ്പരം രൂപയുടെ നഷ്ടമുണ്ട്. മഴ കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് മാര്‍ഗങ്ങള്‍ തേടി ഉന്നതതല യോഗം ചേര്‍ന്നത്. ഓണവും പുതുപ്പള്ളി തെരഞ്ഞെടുപ്പും കണക്കിലെടുത്ത് വൈദ്യുതി നിയന്ത്രണവും സര്‍ചാര്‍ജും ഏര്‍പ്പെടുത്താനുള്ള സാധ്യത കുറവാണ്. അങ്ങനെയെങ്കില്‍ കൂടിയ വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് തുടരാനാണ് സാധ്യത.