രാജ്യം ഇന്ന് 74–ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ
Send us your feedback to audioarticles@vaarta.com
രാജ്യം ഇന്ന് റിപ്പബ്ലിക് ദിനാഘോഷം വിപുലമായ ചടങ്ങുകളോടെ ആരംഭിച്ചു. ന്യൂഡൽഹിയിൽ ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തി. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി ഇത്തവണ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി. വന്ദേഭാരതം നൃത്ത മത്സരത്തിലൂടെ തിരഞ്ഞെടുത്ത 479 കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത–നൃത്ത വിരുന്നും പരേഡിൻ്റെ ഭാഗമാകും. വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടേതുമായി 17 ഫ്ലോട്ടുകളും വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടേതുമായി 6 ഫ്ലോട്ടുകളാണ് ഇക്കുറി പരേഡിൽ അണിനിരക്കുന്നത്. പുതിയ ഇന്ത്യ, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങൾ മുൻനിർത്തിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം.
കർത്തവ്യപഥിന്റെയും പുതിയ പാർലമെന്റ് മന്ദിരത്തിൻ്റെയും നിർമ്മാണത്തിൽ ഭാഗമായ തൊഴിലാളികളും, വഴിയോരകച്ചവടക്കാരും, റിക്ഷാ തൊഴിലാളികളുമടക്കം ആയിരത്തോളം പേർക്ക് ഇത്തവണ പരേഡിൽ അതിഥികളാകാനുള്ള അവസരമൊരുങ്ങി. രാവിലെ പത്തിന് പരേഡ് ആരംഭിച്ചു. ഈജിപ്ഷ്യന്‍ പട്ടാളവും പരേഡിൻ്റെ ഭാഗമായി. ഇക്കുറി എണ്‍പതിലേറെ വിമാനങ്ങളാണ് ഫ്‌ളൈപാസ്റ്റില്‍ ഭാഗമാകുന്നത്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ചരിത്രത്തിലെ ഏറ്റവുംവലിയ ഫ്‌ളൈ പാസ്റ്റാകും ഇത്തവണത്തേത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയപതാക ഉയര്‍ത്തി. റിപ്പബ്ലിക് ദിനാഘേഷത്തിൻ്റെ ഭാഗമായി ഇന്ന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ദേശീയ പതാക ഉയർത്തും.
Follow us on Google News and stay updated with the latest!
Comments